പതിനായിരങ്ങളുടെ വിശപ്പകറ്റി ഖത്തർ റെഡ്ക്രസന്റ് ഇഫ്താർ
text_fieldsഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിൽ യമനിൽ നടക്കുന്ന ഇഫ്താർ കിറ്റ് വിതരണം
ദോഹ: റമദാനിലെ ആദ്യ 10 ദിനങ്ങൾ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഖത്തർ റെഡ്ക്രസന്റിന്റെ വിദേശ ഓഫിസുകൾ, മിഷനുകൾ വഴിയും ആതിഥേയ രാജ്യങ്ങളിലെ സഹ സ്ഥാപനങ്ങളുമായും സഹകരിച്ചും ‘ഫലപ്രദമായ ദാനം’ എന്ന തലക്കെട്ടിലുള്ള റമദാൻ കാമ്പയിന്റെ ഭാഗമായാണ് ഇഫ്താർ പദ്ധതികൾ നടപ്പിലാക്കുന്നത്.
ഗസ്സയിലെ ഖത്തർ റെഡ്ക്രസന്റ് ഓഫിസ് വഴി 15,300 ഭക്ഷ്യ കിറ്റുകളും 2.27 ലക്ഷം റെഡി ടു ഈറ്റ് ഭക്ഷണവും വിതരണം ചെയ്തതായി അറിയിച്ചു. യമനിൽ തൈസ്, ഏദൻ, അൽ ഹുദൈദ, റൈമ, ലാഹിജ്, അൽ മഹ്റ എന്നീ ഗവർണറേറ്റുകളിലായി 4.58 ലക്ഷം ഡോളർ ചെലവിൽ 52,332 ഗുണഭോക്താക്കൾക്ക് 7476 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.
2015 മുതൽ ആരംഭിച്ച റമദാൻ സഹായ വിതരണം ഈ വർഷവും തുടരുകയാണെന്നും, ഖത്തറിലെ ഉദാരമതികളുടെ അകമഴിഞ്ഞ സംഭാവനകളാണ് ഇതിന് പിന്തുണ നൽകുന്നതെന്നും യമനിലെ ഖത്തർ റെഡ്ക്രസന്റ് ഓഫിസ് മേധാവി എൻജി. അഹ്മദ് ഹസൻ അൽ ഷറാജി പറഞ്ഞു. ദുഷ്കരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദരിദ്ര കുടുംബങ്ങൾക്കും വിധവകൾക്കും അനാഥർക്കും ഈ സഹായവിതരണം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് തരിങ്കോട്ട്, ഖുറം വാ സർബാഗ് ജില്ലകളിലായി നിരവധി പേർക്ക് ഇഫ്താർ ഭക്ഷണ കിറ്റുകൾ എത്തിച്ചു. സോമാലിയയിൽ ഖത്തർ അംബാസഡർ ഡോ. അബ്ദുല്ല സാലിം അൽ നുഐമിയുടെ സാന്നിധ്യത്തിലാണ് റമദാൻ ഇഫ്താർ പദ്ധതി ആരംഭിച്ചത്. സായുധ സംഘർഷവും വരൾച്ചയും മൂലം കുടിയിറക്കപ്പെട്ടവരുടെ പ്രധാന ക്യാമ്പുകളായ മൊഗാദിഷു ക്യാമ്പുകളിലെയും ബൈദോവ ക്യാമ്പുകളിലെയും 10,000ലധികം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമെന്നും റെഡ്ക്രസന്റ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ റമദാൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായി കോക്സ് ബസാറിൽ ഇതുവരെ ആയിരത്തിലധികം പാഴ്സലുകളാണ് വിതരണം ചെയ്തത്. ജോർഡൻ, ഛാഡ്, ജിബൂതി, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലും നിരവധി പേർക്ക് ഖത്തർ റെഡ്ക്രസന്റ് ഇഫ്താർ വിതരണം തുടരുകയാണ്.
ഈ വർഷത്തെ റമദാൻ കാമ്പയിൻ രണ്ട് ഭാഗമായി സംഘടിപ്പിക്കുമെന്നും, ഒന്നാം ഘട്ടത്തിൽ 16 രാജ്യങ്ങളിലായി റമദാനിൽ 5.38 ലക്ഷം പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് നേരത്തെ ഖത്തർ റെഡ്ക്രസന്റ് അറിയിച്ചിരുന്നു.
കാമ്പയിന് കീഴിൽ അന്താരാഷ്ട്ര തലത്തിൽ ഫലസ്തീൻ (ഗസ്സ, വെസ്റ്റ്ബാങ്ക്), സിറിയ, യമൻ, നൈജർ, അഫ്ഗാനിസ്താൻ, സോമാലിയ, സുഡാൻ, ലബനാൻ, ജോർഡൻ, ബംഗ്ലാദേശ്, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലെ ഏകദേശം 20 ലക്ഷം ആളുകൾ ഗുണഭോക്താക്കളാകുന്ന 136 പദ്ധതികൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. കാമ്പയിനിലേക്ക് സംഭാവനകൾ സമർപ്പിക്കുന്നതിന് ഫോൺ കോളുകൾ മുതൽ കൗണ്ടറുകൾ വരെ വ്യത്യസ്ത മാർഗങ്ങളാണ് ഖത്തർ റെഡ്ക്രസന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.