റോഡ് ടു ദോഹ; ഏഷ്യൻ ഗെയിംസ് 2030
text_fieldsദീപശിഖ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിക്ക് കൈമാറുന്നു
ദോഹ: ജപ്പാനിലെ ഐച്ചി നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് പ്രൗഢസമാപനം. 2030 ൽ 21ാമത് ഏഷ്യൻ ഗെയിംസിന് ഖത്തർ ആതിഥേയത്വം വഹിക്കും. സമാപന ചടങ്ങിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ ഔദ്യോഗിക പതാകയും ദീപശിഖയും ഖത്തർ ഏറ്റുവാങ്ങി. 2006 ലെ പ്രസിദ്ധമായ ദോഹ ഏഷ്യൻ ഗെയിംസിന് ശേഷം കൃത്യം 20 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കം ഖത്തറിലേക്ക് തിരിച്ചെത്തുന്നത്.
ഐച്ചി നഗോയ ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റും ഐച്ചി പ്രിഫെക്ചർ ഗവർണറുമായ ഒമുറ ഹിഡയാക്കി, സംഘാടക സമിതി ആക്ടിങ് പ്രസിഡന്റും നഗോയ മേയറുമായ ഹിരോസാവ ഇച്ചിറോ എന്നിവരിൽ നിന്നാണ് ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെയും ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെയും പ്രസിഡന്റായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ദീപശിഖ ഏറ്റുവാങ്ങിയത്.
തുടർന്ന് അദ്ദേഹം ദീപശിഖ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിക്ക് കൈമാറി. പ്രധാനമന്ത്രിയിൽ നിന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈനും ഒളിമ്പിക് ഹൈജമ്പ് ചാമ്പ്യൻ മുതാസ് ഈസ ബർഷിമും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി.
വരാനിരിക്കുന്ന നാല് വർഷം ഖത്തറിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം തീർക്കും. ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വമ്പൻ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ വിജയകരമായി സംഘടിപ്പിച്ചുള്ള പരിചയസമ്പത്തും ലോകോത്തര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങളും ഖത്തറിന് വീണ്ടും മുതൽകൂട്ടാകും.
നിലവിലുള്ള സ്റ്റേഡിയങ്ങളുടെയും കായിക സമുച്ചയങ്ങളുടെയും പരമാവധി ഉപയോഗവും പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിരതയുമായിരിക്കും 'ദോഹ 2030' ഏഷ്യൻ ഗെയിംസിന്റെ പ്രധാന സവിശേഷത. നിലവിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി മത്സരം സംഘടിപ്പിക്കാൻ ഖത്തറിന് സാധിക്കും.
ഐച്ചി നഗോയ 2026-ന്റെ സംഘാടനവും പ്രവർത്തനരീതികളും നേരിട്ട് മനസ്സിലാക്കുന്നതിനായി ദോഹ 2030 ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി പ്രതിനിധികൾ ജപ്പാനിലെ ഒബ്‌സർവർ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ സജീവ സാന്നിധ്യം ഗെയിംസിന്റെ സുഗമമായ സംഘാടനത്തിന് കരുത്തേകും. 20 വർഷങ്ങൾക്കുശേഷം ഏഷ്യൻ ഗെയിംസ് ദോഹയിലേക്ക് തിരിച്ചെത്തുമ്പോൾ, അവിസ്മരണീയമായ രീതിയിൽ മത്സരം സംഘടിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്.
ഐച്ച് നാഗോയ ഏഷ്യൻ ഗെയിംസിൽ 26 കായികയിനങ്ങളിലായി 32 വിഭാഗങ്ങളിൽ മത്സരിച്ച 243 അംഗ സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. 6 സ്വർണം, 6 വെള്ളി, 6 വെങ്കലം എന്നിങ്ങനെ ആകെ 18 മെഡലുകളുമായി മെഡൽ പട്ടികയിൽ ഖത്തർ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

