വ്രതവിശുദ്ധിയെ വരവേൽക്കാൻ ഖത്തർ
text_fieldsറമദാനിലെ ഒരുക്കങ്ങൾ സംബന്ധിച്ച് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനിയുടെ നേതൃത്വത്തിൽ വിശദീകരിക്കുന്നു
ദോഹ: ആത്മവിശുദ്ധിയുടെ നാളുകളായി കടന്നെത്തുന്ന റമദാൻ വ്രതാരംഭത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്രതദിനങ്ങളിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പള്ളികളും ഇഫ്താർ ടെന്റുകളും ഉൾപ്പെടെ എല്ലാം സജ്ജമായി കഴിഞ്ഞതായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ് അറിയിച്ചു.
രാവിലും പകലിലും വിശ്വാസി സമൂഹത്തിന് പ്രാർഥനയിൽ മുഴുകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,385 പള്ളികളിൽ നമസ്കാര സൗകര്യമൊരുക്കി. നോമ്പുതുറ സൗകര്യങ്ങൾക്കുള്ള 24 ഇഫ്താർ ടെന്റുകൾക്ക് ഔഖാഫ് നേതൃത്വം നൽകും. റമദാനിലെ അവസാന ദിനങ്ങളിൽ ഏറെ സവിശേഷമായ ഇഅ്തികാഫ് ഇരിക്കുന്നതിന് 200ഓളം പള്ളികളിൽ സൗകര്യമൊരുക്കിയതായും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റമദാന്റെ ഭാഗമായി സെമിനാറുകൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തോളം പരിപാടികൾ സംഘടിപ്പിക്കുമെന്നും ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി പറഞ്ഞു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും, പുതിയ പള്ളികൾ നിർമിച്ചും, സൗന്ദര്യവത്കരണം നടത്തിയും വിശ്വാസികളെ സ്വീകരിക്കാൻ പള്ളികളെല്ലാം ഒരുങ്ങിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. റമദാൻ രാത്രികളിലെ ദീർഘ നമസ്കാരമായ തറാവീഹ്, ഖിയാം തുടങ്ങിയ പ്രാർഥനകൾക്കായി ഖത്തരികൾ ഉൾപ്പെടെ മികച്ച പണ്ഡിതർ നേതൃത്വം നൽകും. മന്ത്രാലയത്തിനു കീഴിൽ മുഴുവൻ പള്ളികളിലേക്കും ഇതിനുള്ള സജ്ജീകരണം ഒരുക്കിയതായും വ്യക്തമാക്കി.
1308 പള്ളികളാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ആതിഥ്യം വഹിക്കുന്നത്. ആയിരങ്ങൾ നോമ്പു തുറക്കുന്ന ഇഫ്താർ ടെന്റുകളുടെ സംഘാടനം സംബന്ധിച്ച് നേരത്തെ തന്നെ മന്ത്രാലയം ഒരുക്കം തുടങ്ങിയിരുന്നു. 24 ഇടങ്ങളിലായാണ് ഇഫ്താർ ടെന്റുകൾ തയാറാക്കുന്നത്. റമദാനിന് മുന്നോടിയായി രാജ്യത്തുടനീളം 15 പുതിയ പള്ളികൾ തുറന്നു. റമദാനിൽ 10 പുതിയ പള്ളികൾ തുറക്കും.
റമദാനിൽ 170 ദശലക്ഷം റിയാൽ സകാത്ത് ശേഖരിക്കുമെന്ന് സകാത്ത് കാര്യ വകുപ്പ് ഡയറക്ടർ മാൽ അല്ലാഹ് അബ്ദുൽറഹ്മാൻ അൽ ജാബർ പറഞ്ഞു. സകാത്തും സകാത്തുൽ ഫിത്തറും നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും യോഗ്യരായ ആളുകൾക്ക് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മൂന്നു പദ്ധതികൾ നടപ്പിലാക്കാൻ വകുപ്പ് നടപടി സ്വീകരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്നും, വിശുദ്ധ മാസത്തിൽ ഇമാമുമാരെയും മുഅദ്ദിനുകളെയും പിന്തുണക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും എൻഡോവ്മെന്റ് ഫണ്ട്സ് വകുപ്പ് ഡയറക്ടർ ജാസിം ബു ഹസ്സ പറഞ്ഞു.
പള്ളികൾ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങൾ, സെമിനാർ, മത്സരങ്ങൾ, ആശുപത്രികളിലെ രോഗീ സന്ദർശനം ഉൾപ്പെടെ 950ൽ ഏറെ പരിപാടികളും മന്ത്രാലയം നേതൃത്വത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുമേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
നോമ്പിനൊപ്പം കായിക മത്സരങ്ങളും
ദോഹ: വ്രതവും പ്രാർഥനകളും ഉൾപ്പെടെ ആരാധന കർമങ്ങൾക്കിടയിൽ ആരോഗ്യത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ചുകൊണ്ട് റമദാനിൽ പ്രത്യേക കായിക പരിപാടികളുമായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ). റമദാൻ മാസത്തോടനുബന്ധിച്ച് സമൂഹത്തിലെ എല്ലാവർക്കും പങ്കെടുക്കാവുന്ന 66 കായിക പരിപാടികൾ ക്യു.എസ്.എഫ്.എ പ്രഖ്യാപിച്ചു.
ഹീനത് സൽമാ ഫാമിൽ നടക്കുന്ന നോർത്ത് ചലഞ്ച് റേസ്, ലുസൈൽ മൾട്ടി പർപസ് ഹാളിലും ആസ്പയറിലും ലഖ്ത പാർക്കിലുമായി നടക്കുന്ന മുവായ് തായ് പരിശീലന പരിപാടി, സൈക്ലിങ്, കായികക്ഷമത പരിശീലനം, ടേബ്ൾ ടെന്നിസ്, ബില്യാർഡ്സ്, പാഡെൽ ബാൾ, ബാഡ്മിന്റൺ, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, കരാട്ടേ എന്നിവ റമദാൻ ആക്ടിവിറ്റികളിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ അയാൽ അൽ ഫരീജ് ചാമ്പ്യൻഷിപ്പും ഇഹ്സാൻ സെന്ററുമായി സഹകരിച്ച് വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികളും മത്സരങ്ങളും റമദാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതായി ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ക്യു.എസ്.എഫ്.എ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു.
എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങളിൽ വനിതകൾക്കായി ടൂർണമെന്റുകളും മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളും ടൂർണമെന്റുകളും റമദാൻ ആദ്യ പകുതിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

