ശരാശരി ശമ്പളക്കനത്തിൽ ഖത്തർ ഒന്നാമത്
text_fieldsപ്രതിമാസ ശരാശരി വേതനം സൂചിപ്പിക്കുന്ന റിപ്പോർട്ട്
ദോഹ: ജീവിതനിലവാരത്തിലും സുരക്ഷയിലും സഞ്ചാരികളുടെ പ്രിയ നഗരമെന്ന പദവിയിലും മാത്രമല്ല, ഏറ്റവും ആകർഷകമായ വേതനം നൽകുന്ന രാജ്യം എന്നനിലയിലും ഖത്തർ മുൻനിരയിൽതന്നെ. ‘നംബിയേ’ എന്ന ഓൺലൈൻ ഡേറ്റാബേസ് സ്റ്റാറ്റിസ്റ്റിക്സിന്റെ ലോകത്തെ ഏറ്റവും ഉയർന്ന ശരാശരി വേതനം ഉറപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് ഖത്തർ ഒന്നാം സ്ഥാനത്ത്. ആഗോള പട്ടികയിൽ ആറാം സ്ഥാനത്തും. 4120 ഡോളർ (15,000 റിയാൽ) ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനമായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 3.39 ലക്ഷം തുക. സ്വിറ്റ്സർലൻഡാണ് ലോകത്തിൽ ഏറ്റവും ഉയർന്ന ശരാശരി വേതനം നൽകുന്ന രാജ്യം. 6231 ഡോളർ (22,687 റിയാൽ) ആണ് സ്വിറ്റ്സർലൻഡിന്റെ പ്രതിമാസ ശരാശരി വേതനം.
ലക്സംബർഗ് രണ്ടും (5180 ഡോളർ), സിംഗപ്പൂർ മൂന്നും (5032 ഡോളർ), അമേരിക്ക നാലും (4658 ഡോളർ), ഐസ്ലൻഡ് അഞ്ചും (4259 ഡോളർ) ഖത്തറിന് മുന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. യു.എ.ഇയാണ് ഏഴാം സ്ഥാനത്തായി ഖത്തറിന് തൊട്ടുപിന്നിലുള്ളത്. 3581 ഡോളർ (13,038 റിയാൽ) ആണ് യു.എ.ഇയുടെ പ്രതിമാസ ശരാശരി വേതന. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഖത്തറും യു.എ.ഇയും മാത്രമാണ് അറബ് ലോകത്തുനിന്നുള്ളത്. എട്ടാമത് ഡെന്മാർക്കും ഒമ്പതാമത് നെതർലൻഡ്സും പത്താമത് നോർവെയുമാണുള്ളത്. കുവൈത്ത് 23ലും ഒമാൻ 27ലും സൗദി അറേബ്യ 29ലും ആണുള്ളത്. 99 രാജ്യങ്ങളുടെ പട്ടികയിൽ 63ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 47,000 രൂപയോളമാണ് ഇന്ത്യക്കാരന്റെ ശരാശരി വരുമാനം.
പത്ത് അറബ് രാജ്യങ്ങളിൽ ഫലസ്തീൻ ആറും ജോർഡൻ ഏഴും ഇറാഖ് എട്ടും മൊറോക്കോ ഒമ്പതും ലിബിയ പത്തും സ്ഥാനങ്ങളിലായുണ്ട്. ഉയർന്ന ശമ്പളക്കാരും കുറഞ്ഞ ശമ്പളക്കാരും ഉൾപ്പെടെ എല്ലാവിഭാഗം ആളുകളുടെയും വേതനം കണക്കാക്കിയാണ് ശരാശരി പ്രതിമാസവേതനം കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

