ഊർജോൽപാദനത്തിന്റെ പുതുമാതൃക; ഖത്തർ റെയിലിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsഖത്തർ റെയിൽ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ
ദോഹ: പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിന്റെ മാതൃകയായ ഖത്തർ റെയിലിന് അന്താരാഷ്ട്ര പുരസ്കാരത്തിളക്കം. ബ്രിട്ടൻ ആസ്ഥാനമായ ഹൈവേ ആൻഡ് ട്രാൻസ്പോർട്ടേഷൻ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂഷന്റെ (സി.ഐ.എച്ച്.ടി) ഡികാർബണൈസേഷൻ പുരസ്കാരമാണ് ദോഹ മെട്രോ, ട്രാം സർവിസുകളുടെ മാതൃകമ്പനിയായ ഖത്തർ റെയിലിനെ തേടിയെത്തിയത്. റീജനറേറ്റിവ് ബ്രേക്കിങ് സംവിധാനത്തിലൂടെ കൈനറ്റിക് ഊർജത്തെ ഇലക്ട്രിക്കൽ ഊർജമാക്കുന്ന ദോഹ മെട്രോയുടെ പുനരുൽപാദന ഊർജ പ്രയോഗം അടിസ്ഥാനമാക്കിയുള്ള പ്രോജക്ടിനാണ് അന്താരാഷ്ട്ര അംഗീകാരം.
പൊതുഗതാഗത മേഖലയിലെ പരിസ്ഥിതി നവീകരണത്തിലും സുസ്ഥിരതയിലും ഖത്തർ റെയിലിന്റെ മികവിന്റെ അടയാളംകൂടിയായി ഈ നേട്ടത്തെ വിലയിരുത്തുന്നു. ലണ്ടനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സമർപ്പിച്ച പദ്ധതികളിൽനിന്ന് ആറെണ്ണം മാത്രമാണ് ഫൈനൽ റൗണ്ടിലേക്ക് ഇടം നേടിയത്.
പുറത്തുനിന്നുള്ള ഊർജ ഉറവിടങ്ങളെ ഉപയോഗിക്കുന്നത് കുറച്ച്, മെട്രോ ശൃംഖലയിൽ നിന്നുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഊർജ ലഭ്യത ഉറപ്പാക്കുന്നതാണ് ഖത്തർ റെയിലിന്റെ പദ്ധതിയെന്ന് കമ്പനിയുടെ ചീഫ് പ്രോഗ്രാം ഡെലിവറി മേധാവി എൻജി. ജാസിം അൽ അൻസാരി പറഞ്ഞു. ഖത്തർ റെയിലിന്റെ സ്മാർട്ട് ഗതാഗത പദ്ധതികളുടെ ഉദാഹരണംകൂടിയാണിത്.
ദോഹ മെട്രോയിലെ റീജനറേറ്റിവ് ബ്രേക്കിങ് സാങ്കേതികവിദ്യയിലൂടെയാണ് ഊർജ ഉൽപാദനം സാധ്യമാക്കുന്നത്. ബ്രേക്കിങ് സമയത്ത് ഉൽപാദിപ്പിക്കുന്ന ഗതികോർജത്തെ ഉപയോഗയോഗ്യമായ വൈദ്യുതോർജമാക്കി മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു. പരമ്പരാഗത ബ്രേക്കിങ് സിസ്റ്റങ്ങളിൽ താപമായി ഊർജം നഷ്ടപ്പെടുമ്പോൾ, ഇവിടെ ഗതികോർജം, പുനരുപയോഗിക്കപ്പെടാൻ കഴിയുന്ന വൈദ്യുതോർജമായി സംഭരിക്കാൻ സഹായകമാവുന്നു.
വേഗം കുറക്കുമ്പോൾ ട്രെയിനിന് ആവശ്യമായ ട്രാക്ഷൻ ഊർജത്തിന്റെ 46 ശതമാനം വരെ ഈ റീജനറേറ്റിവ് ബ്രേക്കിങ് സാങ്കേതിക സംവിധാനം വഴി ഉൽപാദിപ്പിക്കാൻ കഴിയും. സംഭരിക്കുന്ന ഊർജം മറ്റു ട്രെയിനുകളുടെ ഉപയോഗത്തിനായി ഗ്രിഡിലേക്ക് മാറ്റുകയും ചെയ്യും. ഇതുവഴി ദോഹ മെട്രോക്ക് പ്രതിവർഷം കാര്യമായ ഊർജ ലാഭം കൈവരിക്കാനും പ്രവർത്തന ചെലവും കാർബൺ ബഹിർഗമനവും കുറക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

