ജലസംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകയായി ഖത്തർ റെയിൽ
text_fieldsപൊതുഗതാഗത രംഗത്ത് ഖത്തറിന്റെ അഭിമാനമാണ് ദോഹ മെട്രോയും ലുസൈൽ ട്രാമും. ആയിരക്കണക്കിന് യാത്രക്കാരുമായി നിത്യവും കുതിച്ചുപായുന്ന യാത്രക്കാൾക്കപ്പുറം ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ഖത്തർ റെയിലിനുണ്ട്., ഓരോ ദിവസവും സ്റ്റേഷനുകളിലും മെട്രോയിലും ട്രാമിലും എല്ലാമായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പലപല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പക്ഷെ, ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ ജലസംരക്ഷണത്തിനായി സുസ്ഥിരവും മാതൃകാപരവുമായ നടപടികളാണ് ഖത്തർ റെയിൽ സ്വീകരിക്കുന്നത്. കുറഞ്ഞ ഉപഭോഗം, പുനരുപയോഗം, മലിനജല ശുദ്ധീകരണം, നൂതന സാങ്കേതികവിദ്യകൾ എന്നിവയാൽ ജലസംരക്ഷണത്തിൽ ഖത്തർ റെയിൽ കൈവരിച്ച നേട്ടങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ കാലയളവിൽ ട്രെയിനുകൾ കഴുകാനായി എടുത്ത 22 മെഗാലിറ്റർ വെള്ളം പാഴാക്കാതെ വിജയകരമായി പുനരുൽപ്പാദിപ്പിച്ച് വീണ്ടും ഉപയോഗിച്ചു. മലിനജല സംസ്കരണ പ്ലാന്റുകൾ വഴി ശുദ്ധീകരിച്ചെടുത്ത അഞ്ച് മെഗാലിറ്റർ വെള്ളം ചെടികൾ നനക്കുന്നതിനും മറ്റ് ജലസേചന പ്രവർത്തനങ്ങൾക്കുമായും പ്രയോജനപ്പെടുത്തി.
ഖത്തർ റെയിലിന്റെ സുസ്ഥിരമായ പ്രവർത്തനങ്ങളിലൂടെ, യാത്രക്കാരന് വേണ്ടി ചെലവാകുന്ന ജലത്തിന്റെ അളവ് വർഷം തോറും കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2021 മുതൽ 2025 വരെയുള്ള കണക്കുകളിൽ ജലത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറഞ്ഞുവരുന്നതായി കാണാം. സ്റ്റേഷനുകളിലും മറ്റും ജലവിനിയോഗം കാര്യക്ഷമമാക്കുന്നതിന് സുപ്രധാന സംവിധാനങ്ങളാണ് റെയിൽവേ ശൃംഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കൈകൾ കാണിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന മോഷൻ സെൻസർ ടാപ്പുകൾ ഉപയോഗിക്കുന്നതിലൂടെ അനാവശ്യമായി വെള്ളം പാഴാകുന്നത് തടയുന്നു. മഴവെള്ളം ശേഖരിക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ചെറിയ ചോർച്ചകൾ പോലും ഉടൻ കണ്ടെത്താൻ സഹായിക്കുന്ന ലീക്ക് ഡിറ്റക്ഷൻ സംവിധാനങ്ങൾ ജലം പഴാകുന്നത് തടയുന്നു. ഖത്തർ റെയിലിന്റെ ഇത്തരം പരിസ്ഥിതി സൗഹൃദപരമായ ഇടപെടലുകൾ രാജ്യത്തെ ജല സംരക്ഷണത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.
സുസ്ഥിര വികസനമെന്ന ലക്ഷ്യത്തിലേക്ക് ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച്, ഖത്തർ റെയിൽ മുന്നേറുകയാണ്. അത് ഖത്തറിലെ ഓരോ പൗരനും താമസക്കാരനും മാതൃകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

