ഖത്തറിൽ രോഗവ്യാപനം കുറഞ്ഞു; ഓഫിസുകൾ സജീവമാകുന്നു
text_fieldsദോഹ: രാജ്യത്ത് കോവിഡ്–19 വ്യാപനത്തോത് കുറഞ്ഞതോടെ അധിക ഓഫിസുകളിലും ജീവനക്കാർ ഘട്ടം ഘട്ടമായി തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ചെറിയ പെരുന്നാൾ അവധിക്ക് ശേഷമാണ് ഓഫിസുകളിലേക്ക് ജീവനക്കാരുടെ ഘട്ടം ഘട്ടമായ തിരിച്ചുപോക്ക് ആരംഭിച്ചിരുന്നത്.
കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്തതോടെ ഭരണകൂട നിർദേശങ്ങളുടെ ഭാഗമായി ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം കുറക്കുകയും ജീവനക്കാർ വീടുകളിലും താമസ കേന്ദ്രങ്ങളിലിരുന്നുമുള്ള വർക് ഫ്രം ഹോം രീതിയിലേക്ക് മാറുകയും ചെയ്തിരുന്നു.
അതേസമയം, ജീവനക്കാർക്കായി വർക് ഫ്രം ഹോം നടപ്പാക്കിയ കമ്പനികളുടെ തീരുമാനം വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. ‘കുഷ്മെൻ ആൻഡ് വെയ്ക്ക്ഫീൽഡ് ഖത്തർ’ നടത്തിയ റിയൽ എസ്റ്റേറ്റ് വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഓഫിസ് ഡെസ്ക്കുകൾ വീണ്ടും കൂടുതൽ സജീവമാകുമെന്നും വെബിനാർ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 28 മുതൽ രാജ്യത്തെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങളിൽ 80 ശതമാനം ജീവനക്കാർക്കും ഓഫിസുകളിലെത്തി ജോലിയിൽ തുടരാമെന്ന് മന്ത്രിസഭ ഇന്നലെ ഉത്തരവിട്ടിരുന്നു. നേരത്തെ ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനമാണ് ഇത്തരത്തിൽ ഭേദഗതി ചെയ്തിരിക്കുന്നത്.
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ 80 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാനും മന്ത്രിസഭ അനുമതി നൽകിയിരുന്നു. കോവിഡ്–19 വ്യാപനത്തെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗൺ മൂലം ഏപ്രിൽ–മേയ് മാസത്തിൽ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 72 ശതമാനം ഇടിവ് വന്നതായും ശേഷമുള്ള മാസങ്ങളിൽ 45 ശതമാനം ഇടിവും രേഖപ്പെടുത്തിയതായും വെബിനാറിൽ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് രംഗത്ത് റസിഡൻഷ്യൽ വിപണി കോവിഡ്–19 കാലത്തും സ്ഥിരതയിലൂടെ നീങ്ങിയതായും റെൻറ് ഫ്രീ ഇൻസെൻറിവും വാടക കുറച്ചതും താമസക്കാർ പുതിയ ഫ്ലാറ്റുകളിലേക്കും താമസകേന്ദ്രങ്ങളിലേക്കും നീങ്ങുന്നതിന് ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
