കോവിഡ്: മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുമായി സി.ഐ.സി
text_fieldsദോഹ : ഗൾഫിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ നിരാലംബ കുടുംബങ്ങൾക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി. ഐ. സി.) ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിൽ നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പീപ്പ്ൾസ് ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച നൂറ് കണക്കിന് പ്രവാസികളിൽ മഹാ ഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരായ സാധാരണ പ്രവാസികളാണ്. മരണത്തോടെ അവരുടെ കുടുംബങ്ങൾ തീരാദുരിതത്തിലായിരിക്കുകയാണ്. ആകെയുള്ള വരുമാനമാർഗമാണ് നഷ്ടമായത്. നാട്ടിലെ കുടുംബങ്ങളിൽ പലരും ജീവിതത്തെ പകച്ചു നോക്കുന്ന സ്ഥിതിയിലാണ്. ഇവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വീടെന്ന പ്രാഥമിക സ്വപ്നം നിറവേറ്റാൻ കഴിയാതെ മരിച്ച് പോയവരുടെ നിരാലംബ കുടുംബങ്ങൾക്ക് തണലൊരുക്കുന്ന ഭവന പദ്ധതിയാണ് പുനരധിവാസ പദ്ധതികളിൽ പ്രധാനമായത്.
ഒപ്പം വീട് വെക്കാൻ ഭൂമിയില്ലെങ്കിൽ അഞ്ച് സെൻറ് ഭൂമി, വരുമാന മാർഗം തീരെയില്ലാത്ത കുടുംബങ്ങളിലെ ആശ്രിതർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, അർഹരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് എന്നിവയും നടപ്പാക്കും. പദ്ധതിയുടെ പ്രഖ്യാപനം സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി നിർവഹിച്ചു. സി.ഐ സി. പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ.എസ്. അബ്ദുൽ ജലീൽ പദ്ധതി വിശദീകരിച്ചു. വിമൻ ഇന്ത്യ പ്രസിഡൻറ് നഹ്യ നസീർ, യൂത്ത് ഫോറം ആക്ടിങ് പ്രസിഡൻറ് ഉസ്മാൻ പുലാപ്പറ്റ, പ്രോജക്ട് കമ്മിറ്റി അഡ്വൈസർ നിസാർ അഹ്മദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഹബീബുറഹ്മാൻ കീഴിശ്ശേരി സമാപന പ്രഭാഷണം നടത്തി. പ്രൊജക്ട് കോഓഡിനേറ്ററും സി.ഐ.സി ജനസേവന വിഭാഗം കൺവീനറുമായ അൻവർഷ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
