ഫലസ്തീൻ: പിന്തുണ ആവർത്തിച്ച് ഖത്തർ
text_fieldsദോഹ: ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ മാറ്റമില്ലെന്നും ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും ആവർത്തിച്ച് ഖത്തർ. ഫലസ്തീൻ നേരിടുന്ന വെല്ലുവിളികളെ ഐക്യത്തോടെ അഭിമുഖീകരിക്കുക, ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, 1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുക, ഫലസ്തീൻ ജനതയുടെ എല്ലാ നിയമ അവകാശങ്ങളും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഖത്തർ ആവർത്തിച്ചു.
ജനീവയിലെ യു.എൻ ഓഫിസിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ അലി ഖൽഫാൻ അൽ മൻസൂരിയാണ് നിലപാട് ആവർത്തിച്ചത്. 1967 മുതൽ ഫലസ്തീനിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ സംബന്ധിച്ച് യു.എൻ സ്പെഷൽ റാപ്പോർട്ടറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങളെ അപലപിച്ച അദ്ദേഹം, ഗസ്സക്കെതിരായ കൂട്ടായ ആക്രമണങ്ങളെയും ഫലസ്തീനികളുടെ ഭവനങ്ങൾ തകർത്തുള്ള ഇസ്രായേലിെൻറ കുടിയേറ്റവും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ തടയുന്നതും പ്രത്യേകം ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിലെയും ജോർഡൻ താഴ്വരയിലെയും മറ്റു സ്ഥലങ്ങളിലെയും കുടിയേറ്റം ഫലസ്തീൻ ജനതക്ക് നേരെയുള്ള പുതിയ അതിക്രമങ്ങളാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും കൺവെൻഷനുകൾക്കും വിരുദ്ധമായ നടപടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തെ തുരങ്കംവെക്കുന്ന നടപടിയാണെന്നും ഖത്തർ പ്രതിനിധി വ്യക്തമാക്കി. ഇസ്രായേലിെൻറ നടപടികൾ ഫലസ്തീനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം മേഖലയുടെ അരക്ഷിതാവസ്ഥക്കും കാരണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.