കോവിഡരികിലുണ്ടെങ്കിലും ജീവിതം സാധാരണ നിലയിലേക്ക്
text_fieldsദോഹ: കോവിഡ് രോഗബാധയുടെ തീവ്രത രാജ്യത്ത് കുറഞ്ഞുവരുന്നതിനിടെ ജീവിതം സാധാരണ നിലയിലേക്ക് വരുന്നു. കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ഇന്നുമുതൽ മാളുകളിലെ റീട്ടെയിൽ ഷോപ്പുകൾ തുറക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ടേക് എവേ, ഹോം ഡെലിവറി സേവനങ്ങൾ മാത്രമായിരിക്കും ഇവിടെ ഉണ്ടാവുക.
മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും ഗെയിമിങ് സെൻററുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ, സ്കേറ്റ് ബോർഡ് അറീനകൾ, പ്രാർഥനാ മുറികൾ എന്നിവ അടച്ചിടുന്നത് തുടരും. മാളുകളിലെ കലാ, സാംസ്കാരിക, വിനോദ പരിപാടികൾക്കും വിലക്ക് ബാധകമായിരിക്കും.
ഗോൾഡ് സൂഖ്, സൂഖ് അൽ അലി, ഗറാഫ മാർക്കറ്റ്, തേർസ്ഡേ–ൈഫ്രഡേ മാർക്കറ്റ്, സൂഖ് വാഖിഫ് ദോഹ, സൂഖ് വക്റ, അൽ സൈലിയ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങൾക്കും ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും. മാളുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്പിലെ പച്ചനിറമുള്ളവർക്ക് മാത്രമേ അനുവാദമുണ്ടായിരിക്കൂ. സന്ദർശകർ മാസ്ക് ധരിച്ചിരിക്കണം. മാളുകളിലുടനീളം ഹാൻഡ് സാനിറ്റൈസറുകളും സ്ഥാപിച്ചിരിക്കണം.
സന്ദർശകർ തമ്മിൽ രണ്ട് മീറ്ററിൽ കുറയാത്ത സാമൂഹിക അകലം പാലിച്ചിരിക്കണം. ഒൻപത് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിലായിരിക്കണം ഉപഭോക്താക്കളും സന്ദർശകരും ഔട്ട്ലൈറ്റുകളിലുണ്ടായിരിക്കേണ്ടത്. മാളുകളുടെയും ഷോപ്പിംഗ് സെൻററുകളുടെയും ആകെയുള്ളതിെൻറ 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ. പാർക്കിംഗ് സൗകര്യം 50 ശതമാനമായി പുനർനിശ്ചയിച്ചിരിക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മാളുകൾക്ക് മുന്നിൽ കൂടി നിൽക്കുന്നതും പുകവലിക്കുന്നതും ഒരു കാരണവശാലും അനുവദിക്കരുത്. മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും സൗകര്യങ്ങളും അഡ്മിൻ ഓഫീസുകളും വാഹനങ്ങളും ജീവനക്കാരുടെ താമസകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കണം. രോഗലക്ഷണങ്ങൾ സംശയിക്കുന്ന ജീവനക്കാരെ സമ്പർക്ക വിലക്കിലേക്ക് മാറ്റുകയും ബന്ധപ്പെട്ട സർക്കാർ അതോറിറ്റിയെ വിവരമറിയിക്കുകയും വേണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറൻറുകൾ തുറക്കും
ദോഹ: രാജ്യത്തെ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കാനിരിക്കേ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറൻറുകൾക്ക് ഇന്ന് മുതൽ പ്രവർത്തിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകി. സൂഖ് വാഖിഫ്, സൂഖ് അൽ വക്റ, പേൾ ഖത്തർ, കതാറ കൾച്ചറൽ വില്ലേജ് എന്നിവിടങ്ങളിലെ റെസ്റ്റോറൻറുകൾക്കും സ്പോർട്സ് ക്ലബുകൾ, ഖത്തർ മ്യൂസിയംസ് അൽ ഹസം, മുശൈരിബ് എന്നിവിടങ്ങളിലെ റെസ്റ്റോറൻറുകൾ, കിയോസ്കുകൾ എന്നിവക്കുമാണ് ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി.
മറ്റു നിർദേശങ്ങൾ:
റെസ്റ്റോറൻറുകളിലേക്ക് വരുന്നവർ പ്രീ–ബുക്കിംഗ് നടത്തിയിരിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച നിറം കാണിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. റെസ്റ്റോറൻറുകളിലെ ബുഫേ സംവിധാനം അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്ത ഭക്ഷണം മാത്രമേ അനുവദിക്കൂ. റെസ്റ്റോറൻറുകളിൽ ശീഷ അനുവദിക്കുകയില്ല, മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല. ഉപഭോക്താക്കൾ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാക്കണം, 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷിത അകലം പാലിക്കുന്നതിെൻറ സ്റ്റിക്കറുകൾ പതിച്ചിരിക്കണം. ഡൈനിങ് ടേബിളുകൾ തമ്മിൽ രണ്ട് മീറ്ററിൽ കുറയാത്ത അകലത്തിലായിരിക്കണം. ഓരോ ടേബിളിലും പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ആകെയുള്ളതിെൻറ 50 ശതമാനം ശേഷിയിലായിരിക്കും റെസ്റ്റോറൻറുകൾ പ്രവർത്തിക്കുക.
കാശിന് പകരം െക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾ േപ്രാത്സാഹിപ്പിക്കുക, പാർക്കിംഗ് 50 ശതമാനമായി കുറക്കുക. റെസ്റ്റോറൻറ് ജീവനക്കാർ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകണം. രോഗലക്ഷണങ്ങൾ സംശയിക്കുന്ന ജീവനക്കാരെ സമ്പർക്ക വിലക്കിലേക്ക് മാറ്റുകയും ബന്ധപ്പെട്ട സർക്കാർ അതോറിറ്റിയെ വിവരമറിയിക്കുകയും വേണം. റെസ്റ്റോറൻറുകളിലെ ഫർണിച്ചറുകളും അഡ്മിൻ ഓഫീസുകളും വാഹനങ്ങളും ജീവനക്കാരുടെ താമസകേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കുക. സ്പോർട്സ് ക്ലബുകളിലെ റെസ്റ്റോറൻറുകളിലും കിയോസ്കുകളിലും ഓർഡർ ഡെലിവറി മാത്രമേ അനുവദിക്കൂ. ഇരുന്ന് കഴിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലല്ലാത്ത ഇടങ്ങളിലെയും റെസ്റ്റോറൻറുകളിൽ ഹോം ഡെലിവറിയും ഓർഡർ നേരിട്ട് നൽകുന്നതും മാത്രമേ അനുവദിക്കൂ. ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
എല്ലാ പൊതുപാർക്കുകളും ഇന്ന് മുതൽ തുറക്കും
ദോഹ: രാജ്യത്തെ എല്ലാ പൊതു പാർക്കുകളും ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.സന്ദർശകർ ഇഹ്തിറാസ് ആപ്പ് ആക്ടിവേഷൻ, ശരീരോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം. പാർക്കുകളിലെ സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ സന്ദർശകർ കർശനമായി പാലിച്ചിരിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇതോടനുബന്ധിച്ച് അൽഖോർ–ദഖീറ മുനിസിപ്പാലിറ്റി പാർക്കുകളും ബീച്ചുകളും തുറക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അൽ ശീഹാനിയ മുനിസിപ്പാലിറ്റിയിലും സേവന വകുപ്പിെൻറ മേൽനോട്ടത്തിൽ പൊതു പാർക്കുകൾ ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
ലുസൈൽ മറീന നടപ്പാത തുറന്നുകൊടുക്കും
ദോഹ: ഖത്തറിൽ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി ലുസൈൽ മറീന നടപ്പാത (ലുസൈൽ േപ്രാമെനേഡ്) ജൂലൈ 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഖത്തരി ദിയാർ അറിയിച്ചു. ലുസൈൽ മറീന െപ്രാമെനേഡ്, ക്രസൻറ് പാർക്ക്, ലുസൈൽ ഫുഡ് അറീന എന്നിവ ജൂലൈ 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഖത്തരി ദിയാർ ട്വീറ്റ് ചെയ്തു. സന്ദർശകർ മാസ്ക് ധരിക്കുക, സാമൂഹിക ശാരീരിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നും ഖത്തരി ദിയാർ നിർദേശിച്ചിട്ടുണ്ട്.
സ്വാഗതമോതി കതാറ ബീച്ച് കവാടങ്ങളും
ദോഹ: രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടം ആരംഭിക്കുന്ന ജൂലൈ 1ന് കതാറ ബീച്ച് കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. ബീച്ചിലെ 3, 4, 5 കവാടങ്ങളാണ് തുറന്നു കൊടുക്കുന്നത്. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് ഘട്ടങ്ങളിലായി നീക്കുന്ന കോവിഡ്–19 നിയന്ത്രണങ്ങൾ ഇപ്പോൾ ഒന്നാം ഘട്ടത്തിെൻറ അവസാനത്തിലാണ്. ഇക്കാലയളവിൽ പരിമിതമായ അളവിൽ ശേഷി കുറച്ച് പള്ളികളും സ്റ്റോറുകളും മെഡിക്കൽ സേവന സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ജൂലൈ 1ന് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടവും ആഗസ്റ്റ് 1ന് മൂന്നാം ഘട്ടവും സെപ്തംബർ 1ന് നാലാം ഘട്ടവും നടപ്പിൽ വരും. രണ്ടാം ഘട്ടത്തിൽ മാളുകളും റെസ്റ്റോറൻറുകളും പരിമിതമായ അളവിലും സമയത്തിലും പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. ഇക്കാലയളവിൽ മ്യൂസിയം, ലൈബ്രറി, ഹോൾസെയിൽ മാർക്കറ്റ് എന്നിവയും പരിമിതമായ അളവിൽ പ്രവർത്തനം പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
