ഇൻഡസ്ട്രിയൽ ഏരിയ: പോക്കുവരവിന് ഇനി പ്രത്യേക അനുമതി വേണ്ട
text_fieldsദോഹ: കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഇനി മുതൽ അനുമതി പത്രത്തിെൻറ ആവശ്യമില്ലെന്ന് ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു. അതേസമയം, ബസുകളിലെ ആളുകളുടെ എണ്ണവും മാസ്ക് ധരിച്ചെന്ന് ഉറപ്പുവരുത്താനും ഇഹ്തിറാസ് ആപ് പരിശോധിക്കാനുമുള്ള പ്രവേശന കേന്ദ്രങ്ങളിലെ ചെക്ക് പോയിൻറുകളുടെ പ്രവർത്തനം തുടരും.
കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചത്. ആയിരക്കണക്കിനാളുകളാണ് ഏരിയയിൽ മാത്രം പരിശോധനക്ക് വിധേയമായത്.
രോഗബാധ സ്ഥിരീകരിക്കുകയും സംശയിക്കപ്പെടുകയും ചെയ്ത 6500ലധികം പേരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതോടൊപ്പം മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തു.കടുത്ത നിയന്ത്രണങ്ങൾക്കൊടുവിൽ കോവിഡ് വ്യാപനം തടയുന്നതിൽ ലക്ഷ്യം കാണാൻ തുടങ്ങിയതോടെയാണ് ഘട്ടംഘട്ടമായി ഇൻഡസ്ട്രിയൽ ഏരിയയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ തുടങ്ങിയത്. രാജ്യത്തുടനീളം ആദ്യഘട്ട നിയന്ത്രണങ്ങൾ നീക്കുന്നത് ഇന്നലെ നിലവിൽ വന്നതോടെയാണ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള പ്രവേശനത്തിനും പുറത്തിറങ്ങാനുമുള്ള അനുമതി ഒഴിവാക്കി ജി.സി.ഒ അറിയിപ്പ് പുറത്തുവിട്ടത്.
അതേസമയം, ഇൻഡസ്ട്രിയൽ ഏരിയയിലെ താമസക്കാരുടെയും മറ്റു സമൂഹത്തിലെ അംഗങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പ്രവേശന കവാടങ്ങളിൽ പരിശോധന തുടരും. നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ വൈറസ് പൂർണമായി അപ്രത്യക്ഷമായെന്നല്ല അർഥമാക്കുന്നതെന്ന് ഓർമിപ്പിച്ച ജി.സി.ഒ, നിയന്ത്രണങ്ങൾ ഘട്ടമായി പിൻവലിക്കുന്നത് വിജയകരമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എല്ലാ സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജാഗ്രതയുള്ളവരാകണമെന്നും പൊതുജനങ്ങളോടാവശ്യപ്പെടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.