കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കൽ ഇന്നുമുതൽ
text_fieldsകൂടുതൽ ശ്രദ്ധിക്കാം, ജാഗ്രത കാണിക്കാം, ഇനി ജീവിതം കോവിഡിനൊപ്പം •ആദ്യഘട്ടത്തിൽ ചുരുക്കം പള്ളികൾ തുറക്കും
ദോഹ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുെട ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പിൻവലിച്ചുതുടങ്ങും. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള നാലുഘട്ടങ്ങളോടെ നിയന്ത്രണങ്ങളെല്ലാം നീക്കും.
തിങ്കളാഴ്ച മുതലുള്ള ആദ്യഘട്ടത്തിൽ ചുരുക്കം പള്ളികൾ തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണിത്. ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകൾ ഭാഗികമായി തുറക്കും. ചില സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ 40 ശതമാനം സൗകര്യം മാത്രം അടിയന്തര സേവനങ്ങൾ നൽകാനായി പ്രവർത്തിപ്പിക്കാം. ചില പാർക്കുകൾ വ്യായാമം നടത്താനായി അുവദിക്കും. എന്നാൽ 12 വയസിന് താെഴയുള്ള കുട്ടികൾക്ക്പ്രവേശനമുണ്ടാകില്ല. തുറസ്സായ സ്ഥലങ്ങളിൽ മാത്രം കായിക പരിശീലനമാവാം. വിശാലമായ കായിക പരിശീലന ഹാളുകളിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല.
ജൂലൈ ഒന്ന് മുതലുള്ള രണ്ടാം ഘട്ടത്തിൽ കൂടുതൽനിയന്ത്രണങ്ങൾ നീക്കും. ചുരുങ്ങിയ മണിക്കൂറുകൾ മാളുകൾക്ക് പ്രവർത്തിക്കാനാകും. മാർക്കറ്റുകളും ഹോൾസെയിൽ മാർക്കറ്റുകളും ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുത്തി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കാം. കുറഞ്ഞ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ തുറക്കാം.
മ്യൂസിയങ്ങളും ലൈബ്രറികളും നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കും. 50 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിലാണ് മറ്റുരാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ ദോഹയിലേക്ക് അനുവദിക്കുക. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്. ഈ ഘട്ടത്തിൽ വാണിജ്യകേന്ദ്രങ്ങൾ പൂർണമായും പ്രവർത്തിപ്പിക്കും. ഹോൾസെയിൽ മാർക്കറ്റുകൾ നിശ്ചിത ആളുകളെ പ്രവേശിപ്പിച്ച് നിശ്ചിത മണിക്കൂറുകൾ തുറക്കും. നിശ്ചിത സമയം കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ പ്രവർത്തിപ്പിക്കാം. ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ അനുമതി നൽകും. 80 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. കർശനമായ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചായിരിക്കണം ഇത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മസ്സാജ് സെൻററുകൾ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറക്കാം. സെപ്റ്റംബറിലെ നാലാംഘട്ടത്തോടെ നിയന്ത്രണങ്ങൾ പൂർണമായും നീക്കും. ഈഘട്ടത്തിൽ വാണിജ്യകേന്ദ്രങ്ങൾ പൂർണമായും തുറന്നുപ്രവർത്തിക്കാൻ തുടങ്ങും. റെസ്റ്റോറൻറുകൾ പൂർണതോതിൽ തുറക്കാം. എല്ലാ ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യാൻ തുടങ്ങും. പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിമാനസർവീസുകൾ വർധിപ്പിക്കും. ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ നിയന്ത്രണത്തോടെ പുനരാരംഭിക്കും. ഈ ഘട്ടത്തിൽസ്വകാര്യ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും.
വ്യാപാര സ്ഥാപനങ്ങൾ തുറക്കുേമ്പാൾ ശ്രദ്ധിക്കേണ്ടവ
രാജ്യത്തെ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യ ഘട്ടം ഇന്ന് പ്രാബല്യത്തിലായിരിക്കെ മാളുകളുടെയും ഷോപ്പിംഗ് സെൻററുകളുടെയും പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ആദ്യ ഘട്ടത്തിൽ മാളുകൾ 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ടായിരിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രവേശന കവാടങ്ങളിലെ പുകവലി നിരോധിക്കാൻ മാനേജ്മെൻറിന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മറ്റു മന്ത്രാലയങ്ങളും അതോറിറ്റികളും പുറപ്പെടുവിച്ചിരിക്കുന്ന മുൻകരുതലുകളെല്ലാം മാളുകളിലും ഷോപ്പിംഗ് സെൻററുകളിലും പാലിച്ചിരിക്കണം.
മന്ത്രാലയത്തിെൻറ പുതിയ നിർദേശപ്രകാരം മാളുകളുടെയും ഷോപ്പിംഗ് സെൻററുകളുടെയും പ്രവർത്തന സമയം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കി നിശ്ചയിച്ചിട്ടുണ്ട്.
മറ്റു നിർദേശങ്ങൾ താഴെ:
• മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും (തറയുടെ വിസ്തീർണ്ണം 300 ചതുരശ്രമീറ്ററിൽ കുറയാത്ത) ഷോപ്പുകൾക്ക് ഭാഗികമായി തുറന്നു പ്രവർത്തിക്കാം.
•റെസ്റ്റോറൻറുകളിൽ ഹോം ഡെലിവറിയും ഓർഡർ സ്വീകരിക്കുന്നതും (ടേക് എവേ) തുടരും. അതോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിരോധനവും തുടരും.
•മധുരപലഹാരം, ഐസ്ക്രീം, കേക്ക്, പാസ്ട്രീ, തേൻ, ഈത്തപ്പഴ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാം.
അതേസമയം, മാളുകളിലെ ഗെയിമിങ് സെൻററുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ, സ്കേറ്റ്ബോർഡ് അറീന, പ്രാർഥനാ റൂമുകൾ, സിനിമാ തിയറ്ററുകൾ എന്നിവ അടച്ചിടും. മാളുകളിലെ കലാ സാംസ്കാരിക വിനോദ പരിപാടികൾക്കുള്ള നിരോധനം തുടരും.
മാളുകളിലേക്ക് പ്രവേശിക്കുമ്പോൾ
മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിെൻറയും നിർദേശങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.
•മാളുകളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ആപ്പിൽ പച്ച നിറം കാണിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
•മാസ്ക് ധരിക്കുക, മാളിലുണ്ടാകുന്ന സമയം മുഴുവനും മാസ്ക് ധരിക്കാൻ സന്ദർശകരെ നിർബന്ധിക്കുക.
•12 വയസ്സിന് താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും മാളുകളിൽ പ്രവേശിപ്പിക്കരുത്.
•ജീവനക്കാരുടെയും സന്ദർശകരുടെയും ശരീരോഷ്മാവ് പരിശോധിക്കുക. 38 ഡിഗ്രിയിൽ കൂടുതൽ താപനില കണ്ടെത്തുന്നവരെ പ്രവേശിപ്പിക്കാതിരിക്കുക.
•മാളുകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കുക.
•സന്ദർശകർക്കിടയിൽ രണ്ട് മീറ്ററിൽ കുറയാത്ത അകലം പാലിക്കാൻ നിർദേശം നൽകുക.
•സന്ദർശകർക്കുള്ള പാർക്കിംഗ് 50 ശതമാനമാക്കി കുറക്കുക.
•മാളിെൻറ 30 ശതമാനം മാത്രം പ്രവർത്തിപ്പിക്കാൻ അധികൃതർ ശ്രദ്ധിക്കുക.
•പ്രവേശന കവാടങ്ങളിൽ പുകവലി നിരോധിക്കുക. സിഗരറ്റ് അവശിഷ്ടങ്ങൾക്കായുള്ള കണ്ടെയ്നറുകൾ കവാടങ്ങളിൽ നിന്നും നീക്കം ചെയ്യുക.
•പ്രവേശന കവാടങ്ങളിൽ കൂടി നിൽക്കുന്നവരെയും ലിമോസിൻ, ടാക്സി ൈഡ്രവർമാരെയും ഒഴിവാക്കാൻ ശ്രമിക്കുക.
•ജീവനക്കാരുടെ ശരീരോഷ്മാവ് ഇടവിട്ട സമയങ്ങളിൽ പരിശോധിക്കുക. രോഗബാധ സംബന്ധിച്ച് സംശയം അനുഭവപ്പെട്ടാൽ സമ്പർക്ക വിലക്കിൽ പോകുകയും അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയെ അറിയിക്കുകയും ചെയ്യുക.
•60 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, മാറാരോഗമുള്ള ജീവനക്കാർ എന്നിവർ നേരിട്ട് ജോലിയിൽ വ്യാപൃതരാകരുത്.
•സുരക്ഷിത അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്റ്റോറുകളുടെ തറയിൽ പതിക്കുക.
•പരിധിയിലപ്പുറം ഉപഭോക്താക്കളെ ഷോപ്പുകളിൽ കയറ്റാതിരിക്കുക.
•പണമിടപാടിന് കാശിന് പകരമായി െക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളെ േപ്രാത്സാഹിപ്പിക്കുക.
•മാളും പരിസരവും ഓഫീസുകളും വെയർ ഹൗസുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളും ഗതാഗത സംവിധാനങ്ങളും നിരന്തരം അണുനശീകരണത്തിന് വിധേയമാക്കുക.
മന്ത്രാലയത്തിെൻറ തീരുമാനങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങളിലും ഇളവുകളിലും മാറ്റങ്ങൾ ഉണ്ടാകും. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആദ്യ ഘട്ടത്തിൽ തുറക്കുന്നത് എട്ട് പാർക്കുകൾ; വ്യായാമം മാത്രം അനുവദിക്കും
രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ എട്ട് പാർക്കുകൾ തുറന്നു കൊടുക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എന്നാൽ വ്യായാമം മാത്രമായിരിക്കും പാർക്കുകളിൽ അനുവദിക്കുകയെന്നും മറ്റു പ്രവർത്തനങ്ങളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളിൽ അനുവദിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തുറന്നു കൊടുക്കുന്ന പാർക്കുകളുടെ പ്രവർത്തന സമയവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
പുലർച്ചെ നാല് മുതൽ രാവിലെ ഒമ്പത് വരെയും വൈകിട്ട് നാല് മുതൽ രാത്രി 10 വരെയുമായിരിക്കും പാർക്കുകൾ വ്യായാമ പരിശീലനങ്ങൾക്കായി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക.അൽ വക്റ പാർക്ക്, അൽഖോർ പാർക്ക്, പാർക്ക് 66 അൽ ഖതീഫിയ, അൽ ശമാൽ സിറ്റി പാർക്ക്, അൽ സൈലിയ പാർക്ക്–അബൂനഖ്ല, അൽ ദഫ്ന പാർക്ക്, മിയ പാർക്ക്, അൽ റയ്യാൻ പാർക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുറന്നു കൊടുക്കുന്ന പാർക്കുകൾ.
പൂർണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വ്യായാമെന്ന് മന്ത്രാലയം വ്യക്തമാക്കി. പാർക്കിൽ പ്രവേശിക്കുന്നവർ നിർബന്ധമായും ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ആപ്പിൽ പച്ച നിറം തെളിഞ്ഞവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാർക്കിൽ പ്രവേശിക്കുന്നതിന് മുമ്പായി ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകണം. പാർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പൂർണമായും പാലിച്ചിരിക്കണം. വ്യായാമം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും പാർക്കിൽ ഇരിക്കാൻ അനുവദിക്കുന്നതല്ലെന്നും മന്ത്രാലയം അറിയിച്ചു.
പാർക്കിനുള്ളിലും പുറത്തും പൊതു–വ്യക്തിഗത ശുചിത്വം പാലിക്കാനും മാലിന്യങ്ങൾ സുരക്ഷിതമായി പുറന്തള്ളാനും ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഒന്നാംഘട്ടം തുറക്കുക 494 പള്ളികൾ
ജൂൺ 15ന് ആദ്യഘട്ടത്തിൽ തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കോവിഡ്–19 രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കുന്നതിന് അനുയോജ്യമായ പള്ളികളായിരിക്കും ആദ്യ ഘട്ടത്തിൽ തുറക്കുക. പള്ളികൾ നിലനിൽക്കുന്ന പ്രദേശം, ആവശ്യമായ സ്ഥല വിശാലത, പരിസര പ്രദേശങ്ങളിലെ ജനസാന്ദ്രത എന്നിവയെല്ലാം പള്ളി തുറക്കുന്നതിൽ പരിഗണിക്കും.
ആദ്യ ഘട്ടത്തിൽ തുറക്കുന്ന 494 പള്ളികളും സ്ഥലങ്ങളും മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സലത അൽ ജദീദയിൽ ഒമ്പത് പള്ളികളും അബൂഹമൂറിൽ എട്ട് പള്ളികളും അസ്ഗവ–12, ഉം സനീം –6, ഉം സലാൽ 19 പള്ളികളും ബൂ സിദ്റയിൽ നാല് പള്ളികളും ബനീ ഹജറിൽ 13 പള്ളികളും തുറക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
