കോടതി സെഷനുകൾ ഇന്ന് മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും
text_fieldsദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കും പ്രതിരോധ മുൻകരുതൽ നടപടികൾക്കും വിധേയമായി രാജ്യത്തെ കോടതി വ്യവഹാരങ്ങൾ ഇന്ന് മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതയുടെ നിർദേശങ്ങൾക്കനുസൃതമായാണ് കോടതി നടപടികൾ പുനരാരംഭിക്കാൻ സുപ്രീം ജുഡീഷ്യറി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ കോടതിയിൽ അഭിഭാഷകർക്കും അന്യായക്കാർക്കും മാത്രമായിരിക്കും പ്രവേശനം. കോടതിയിൽ എത്തുന്നവർ നിർബന്ധമായും ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്തിരിക്കണം. കോടതിക്കുള്ളിൽ എല്ലാവരും മെഡിക്കൽ മാസ്ക് ഉപയോഗിക്കണം. കൂടാതെ സാമൂഹിക ശാരീരിക അകലം പാലിച്ചായിരിക്കണം കോടതി നടപടികൾ. കോടതിയിലെയും കാത്തിരിപ്പ് റൂമുകളിലെയും പരമാവധി ആളുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കും.
അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾക്കും വിധിന്യായങ്ങൾക്കുള്ള സെഷനുകൾക്കുമായിരിക്കും മുൻഗണന. നടപടികൾ വേഗത്തിലാക്കുന്നതിനും അടിയന്തര കേസുകൾ പെട്ടെന്ന് തീർപ്പാക്കുന്നതിനും സമാന്തരമായുള്ള സെഷനുകളും വൈകുന്നേരമുൾപ്പെടെയുള്ള വിവിധ സമയങ്ങളിലുള്ള സെഷനുകളും നടക്കും. അതോടൊപ്പം ഇലക് േട്രാണിക് സംവിധാനങ്ങളിലൂടെ പുതിയ സേവനങ്ങളും ലഭ്യമാക്കുമെന്നും സുപ്രീം ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി.
കോടതിയിലേക്കുള്ള ലോജിസ്റ്റിക്കൽ സേവനങ്ങളും കോടതി നടപടികൾക്കുള്ള സൗകര്യങ്ങളും ദൈനംദിന ശുചീകരണ, അണുനശീകരണ പ്രക്രിയകൾക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
