രോഗമുക്തി നേടി 88കാരനായ ഖത്തരി പൗരൻ
text_fieldsദോഹ: 88കാരനായ സ്വദേശി കോവിഡ്–19 രോഗമുക്തി നേടി ആശുപത്രി വിട്ടു. മുതിർന്ന പൗരൻ രോഗമുക്തി നേടിയത് ഖത്തറിൻെറ ആരോഗ്യമേഖലയുടെ മറ്റൊരു നേട്ടമായി.
ഹമദ് മെഡിക്കൽ കോർപറേഷൻെറ ഇൻഡസ്ട്രിയൽ ഏരിയയിലെ ഹസം മിബൈരീക് ആശുപത്രിയിൽ 11 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇദ്ദേഹം പൂർണ രോഗമുക്തി നേടിയത്. കോവിഡ്–19ൽ നിന്നും മുക്തി നേടുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണിദ്ദേഹം.
തുടയെല്ല് പൊട്ടിയ നിലയിലാണ് രോഗിക്ക് കോവിഡ്–19 ബാധിക്കുന്നത്. പ്രായം കൂടിയ രോഗികളിൽ രോഗപരിരക്ഷ വലിയ പ്രയാസമാണെങ്കിലും ഹസം മിബൈരീക് ആശുപത്രിയിലെ ഏറ്റവും മികച്ച ചികിത്സയാണ് രോഗമുക്തി നൽകിയത്. ഹസം മിബൈരീക് ആശുപത്രിയിൽ നിന്നും മടങ്ങിയെങ്കിലും റുമൈല ആശുപത്രിയിൽ ഫിസിയോതെറാപ്പി അടക്കമുള്ള തുടർചികിത്സക്കായി ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ മികച്ച നേതൃത്വം കോവിഡ്–19നെതിരായ പോരാട്ടത്തിൽ പ്രത്യേകം പ്രശംസ അർഹിക്കുന്നുവെന്ന് ഹസം മിബൈരീക് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അബ്ദുൽ അസീസ് അൽ ഇസ്ഹാഖ് പറഞ്ഞു.അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് രാജ്യത്തെ കോവിഡ്–19 രോഗികൾക്ക് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹസം മിബൈരീക് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർക്ക് രോഗമുക്തി നേടിയ വ്യക്തിയുടെ കുടുംബാംഗങ്ങൾ പ്രത്യേകം നന്ദി അറിയിക്കുകയും ചികിത്സാ മികവിനെ അഭിനന്ദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.