കോവിഡ് രോഗലക്ഷണങ്ങളില്ലെങ്കിൽ ഇനി 14 ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ്
text_fieldsദോഹ: കോവിഡ്–19 സ്ഥിരീകരിച്ച് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങളില്ലെങ്കിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്ന പുതിയ കോവിഡ്–19 േപ്രാട്ടോകോളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. എന്നാൽ ആശുപത്രിയിൽ നിന്നോ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിൽ നിന്നോ ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാലും ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്ഥരാണ്. കൂടെ കോവിഡ്19 വ്യാപനം തടയുന്നതിനുള്ള ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യണം. അതോടൊപ്പം താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങുകയും ചെയ്യരുത്. നിർദേശങ്ങൾ ലംഘിക്കുന്നവർ സാംക്രമികരോഗ പ്രതിരോധ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയമാകേണ്ടി വരും.
കോവിഡ്–19 സ്ഥിരീകരിക്കപ്പെട്ടവർക്ക് ഡിസ്ചാർജ് ആകുന്നതിന് മുമ്പായി നിലവിൽ രണ്ട് നെഗറ്റീവ് പി. സി.ആർ ടെസ്റ്റുകൾ ആവശ്യമായി വരുന്നുണ്ട്. ഇതിനാൽ നിരവധി രോഗികൾ 14 ദിവസത്തിൽ കൂടുതൽ ആശുപത്രികളിലോ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലോ തുടരേണ്ടതുണ്ട്. എന്നാൽ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രകാരം രോഗികൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ 14 ദിവസത്തിന് ശേഷം ഡിസ്ചാർജ് ആകുകയും വീടുകളിലേക്ക് മടങ്ങാനും സാധിക്കും.
കോവിഡ്–19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞാൽ ഭൂരിപക്ഷം രോഗികളിലും വൈറസ് സാന്നിധ്യം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ തെളിവുകൾ വ്യക്തമാക്കുന്നതെന്നും ഖത്തറും ആ രീതിയിലേക്ക് മാറുകയാണെന്നും എച്ച്.എം.സിയിലെ വൈറോളജിസ്റ്റ് ഡോ. നഈമ അൽ മൊലാവി പറഞ്ഞു. നേരത്തെ ഡിസ്ചാർജ് ആകുന്നതിന് രണ്ട് നെഗറ്റീവ് പി.സി.ആർ വേണ്ടിവന്നിരുന്നുവെന്നും രോഗിയുടെ ശരീരത്തിൽ വൈറസ് സാന്നിധ്യം കൂടുതൽ ദിവസം കാണപ്പെടുന്നതിനാൽ ഡിസ്ചാർജ് ആകുന്നതിന് ആഴ്ചകളോളം സമയമെടുത്തിരുന്നെന്നും ഡോ. അൽ മൊലാവി വ്യക്തമാക്കി. ബ്രിട്ടൻ, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 10 ദിവസത്തിന് ശേഷം രോഗികളെ ഡിസ്ചാർജ് ചെയ്യുന്നുണ്ട്. എന്നാൽ ഖത്തർ ഇത് 14 ദിവസമാക്കി ഉയർത്തിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.ആരോഗ്യസഹായം ആവശ്യമുള്ളവർ ആശുപത്രിയിൽ തുടരും
അതേസമയം, ആരോഗ്യ സഹായം ആവശ്യമില്ലാത്ത രോഗികൾക്ക് മാത്രമേ ഖത്തറിലെ പുതിയ ഡിസ്ചാർജ് നയം ബാധകമാകൂ.ആർക്കെങ്കിലും അധിക രോഗലക്ഷണങ്ങൾ പ്രകടമാകുകയും കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാകുകയും ചെയ്യുകയാണെങ്കിൽ രോഗം പൂർണമായും ഭേദമാകുന്നത് വരെ അവർ ചികിത്സയിലായിരിക്കും. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ്–19 രോഗികളെ 14 ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും എച്ച്.എം.സിയുടെ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രകാരമാണിതെന്നും ഹസം മിബൈരീക് ജനറൽ ആശുപത്രി ഇൻഫെക്ഷൻ കൺേട്രാൾ ഹെഡ് ഡോ. നാസർ അൽ അൻസാരി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇത് ഏറെ ആശ്വാസകരമാണ്. വരും ദിവസങ്ങളിലും പൂർണമായും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില രോഗികൾക്ക് കോവിഡ്–19 ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെങ്കിലും അധിക രോഗികളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്.
പുതിയ നയം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം ഖത്തറിലെ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെയാണ്. വൈറസ് സംബന്ധിച്ച ഏറ്റവും പുതിയ ശാസ്ത്രീയ അറിവ് അടിസ്ഥാനമാക്കിയും അമേരിക്ക, യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് കൺേട്രാൾ ആൻഡ് പ്രിവൻഷൻ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളും പാലിച്ചാണ് ഇതെന്നും സി.ഡി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
അധിക രോഗികളിലും ഈ നയം ബാധമാകും. എന്നാൽ ചിലരെ ഇതിൽ നിന്നും ഒഴിവാക്കും. രോഗി മടങ്ങുന്നത് 60 വയസ്സ് കഴിഞ്ഞവർ താമസിക്കുന്ന വീടുകളിലേക്കാണെങ്കിൽ അത്തരം രോഗികളെ ഏഴ് ദിവസം കൂടി സമ്പർക്ക വിലക്കിൽ പാർപ്പിക്കും. പിന്നീട് വീണ്ടും പരിശോധനക്ക് വിധേയമാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, പ്രായമേറിയ രോഗികൾ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങി കോവിഡ്–19 കാരണം കൂടുതൽ പരിചരണവും മുൻകരുതലുകളും ആവശ്യമുള്ളവരുടെ കേസുകൾ പ്രത്യേകം പരിശോധിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്ചാർജ് നടക്കുകയുള്ളൂവെന്നും അൽ മസ്ലമാനി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.