വീടുകളിൽ തന്നെ കഴിയാം, ഈദ് ദിനങ്ങളിലും
text_fieldsദോഹ: ഈദ് ദിവസങ്ങളിൽ ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കണമെന്നും കോവിഡ്–19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കണമെന്നും മറ്റു സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.റമദാൻ മാസത്തിൽ രാജ്യത്തെ കോവിഡ്–19 രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനത്തിെൻറ മൂർധന്യാവസ്ഥയിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. രോഗ വ്യാപനം കുറക്കുന്നതിന് ജനങ്ങൾ മുൻകരുതൽ നടപടികൾ കർശനമായും പാലിക്കേണ്ടിയിരിക്കുന്നുവെന്നും ഡോ. ഹനാൻ അൽ കുവാരി കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഈദ് വളരെ വ്യത്യസ്തമാണ്. പരമ്പരാഗതമായി കുട്ടികളോടും കുടുംബങ്ങളോടും സുഹൃത്തുക്കളോടുമൊത്തുള്ള ആഘോഷവും ഒത്തുചേരലുമാണ് ഈദ് ദിവസങ്ങളെ പ്രധാനപ്പെട്ടതാക്കുന്നത്.
എന്നാൽ ഈ വർഷത്തെ ഈദ് ദിവസങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. കോവിഡ്–19നെ രാജ്യത്ത് നിന്നും ഇല്ലാതാക്കുന്നതിൽ എല്ലാവർക്കും അവരുടേതായ പങ്ക് നിർവഹിക്കാനുണ്ട്. ഈദ് ദിവസങ്ങളിൽ വീടുകളിൽ തന്നെ ഇരുന്ന് സാമൂഹിക, ശാരീരിക അകലം പാലിക്കണം.
കോവിഡ്–19 എല്ലാവരിലും ബാധിക്കുമെന്നാണ് ലോകത്തെ കണക്കുകളും റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രായമായവരിലും മാറാരോഗങ്ങളിലുള്ളവരിലും കോവിഡ്–19 ബാധിക്കുന്നത് ശരീരത്തിെൻറ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ഇവരുടെ കൂടെ സുരക്ഷിതത്വം കണക്കിലെടുത്ത് സമൂഹ നന്മ ഉദ്ദേശിച്ച് എല്ലാവരും വീടുകളിൽ തന്നെയാണ് കഴിയേണ്ടതെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
