തട്ടിപ്പു വേണ്ട; ഞങ്ങൾ ബോധവാന്മാർ
text_fieldsദോഹ: ഫോൺ വഴിയുള്ള തട്ടിപ്പ് സംബന്ധിച്ച് രാജ്യത്തെ 95 ശതമാനം ടെലികോം ഉപഭോക്താക്കളും ബോധവന്മാരാണെന്ന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) നടത്തിയ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഈയിടെയായി സാമൂഹമാധ്യമങ്ങളിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലായി സി.ആർ.എ സർവേ നടത്തിയിരുന്നു. ടെലികോം ഉപഭോക്താക്കൾക്കിടയിൽ തട്ടിപ്പ് സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സി.ആർ.എ സർവേ നടത്തിയത്. ഉപഭോക്താവിന് സമ്മാനം ലഭിച്ചതായുള്ള സന്ദേശം ലഭിക്കുക, അല്ലെങ്കിൽ ബാങ്ക് കാർഡ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സന്ദേശം ലഭിക്കുക, അജ്ഞാത മൊബൈൽ നമ്പറിലേക്ക് വിളിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം തുടങ്ങിയ രൂപങ്ങളിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ സന്ദേശങ്ങൾക്ക് മറുപടി സന്ദേശമായും ഫോൺ വഴിയും നൽകുന്നതോടെ തട്ടിപ്പ് സംഘങ്ങൾ വിവരം ചോർത്താൻ തുടങ്ങുകയും നമ്മുടെ രഹസ്യവിവരങ്ങൾ കൈക്കലാക്കുകയും ചെയ്യും. സി.ആർ.എ നടത്തിയ സർവേയിൽ 1200 പേർ പങ്കെടുത്തു.
സി.ആർ.എ നടത്തിയ സർവേയിൽ 95 ശതമാനം ഉപഭോക്താക്കളും തട്ടിപ്പ് സംബന്ധിച്ച് ബോധവാന്മാരാണെന്നാണ് ഫലം പ്രകടമാക്കുന്നത്. തട്ടിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ അധിക പേരും സന്ദേശം അവഗണിക്കുകയോ അത് ഫോണിൽനിന്നും ഡിലീറ്റ് ചെയ്യുകയോ നമ്പർ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കിൽ നമ്പർ ടെലികോം സേവനദാതാക്കളുമായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നുവെന്ന് സർവേ റിപ്പോർട്ട് ചെയ്യുന്നു.തട്ടിപ്പ് സന്ദേശങ്ങൾ ഒരിക്കലും മുഖവിലക്കെടുക്കരുതെന്നും മറുപടി നൽകുന്നതിന് മുമ്പായി സന്ദേശം ഡിലീറ്റ് ചെയ്യണമെന്നും സന്ദേശം ലഭിച്ച നമ്പർ ടെലികോം സേവനദാതാക്കളിൽ റിപ്പോർട്ട് ചെയ്യണമെന്നും സി.ആർ.എ കൺസ്യൂമർ അഫേഴ്സ് ഡയറക്ടർ അമീൽ സാലിം അൽ ഹനാവി പറഞ്ഞു.
ബാങ്കുമായി ബന്ധപ്പെട്ട സന്ദേശമാണെങ്കിൽ അതിെൻറ വിശ്വാസ്യത സംബന്ധിച്ച് ബാങ്കുമായി ബന്ധപ്പെടണമെന്നും സന്ദേശങ്ങളിൽ ലിങ്കുകൾ ഉണ്ടെങ്കിൽ ഒരിക്കലും അത് തുറക്കരുതെന്നും അതുവഴി നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടാനിടയുണ്ടെ ന്നും അൽ ഹനാവി മുന്നറിയിപ്പ് നൽകി.ടെലികോം സേവനദാതാക്കളും ബാങ്കുകളും ആക്ടിവേഷൻ കോഡ്, പാസ്വേഡ്, സ്വകാര്യ വിവരങ്ങൾ, സാമ്പത്തികമായ വിവരങ്ങൾ എന്നിവക്കായി ഉപഭോക്താക്കളുമായി ഫോൺ വഴിയോ സന്ദേശങ്ങളിലൂടെയോ ഒരിക്കലും ബന്ധപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പ് സന്ദേശങ്ങൾ, വിളി, വിവരമറിയിക്കണം
ദോഹ: എസ്.എം.എസ്, വാട്സ്ആപ്, മറ്റു സമൂഹമാധ്യമങ്ങള്‍ വഴി വരുന്ന അജ്ഞാത സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബാങ്കിെൻറയും മറ്റു സാമ്പത്തിക കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ മോഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വിവിധ തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കും. അത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരമായ വിവരങ്ങളോ ബാങ്കിെൻറ കാര്യങ്ങളോ അജ്ഞാതരുമായി പങ്കുവെക്കരുത്. ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്വേണ്ടി ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്.
ഓരോരുത്തരും തങ്ങളുടെ ഇമെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം ഉപദേശിച്ചു. മാത്രമല്ല പാസ്വേര്ഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. എന്തെങ്കിലും തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയോ cccc@moi.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ വിവരം അറിയിക്കണം. മന്ത്രാലയത്തിെൻറ സൈബർ കുറ്റകൃത്യ പ്രതിരോധ കേന്ദ്രവുമായി 2347444 എന്ന നമ്പറിലോ ഹോട്ട്ലൈൻ നമ്പറായ 66815757 ലോ ഇത്തരം തട്ടിപ്പുവിവരങ്ങൾ അറിയിക്കാം.
അടുത്ത കാലത്ത് ഖത്തർ സി.െഎ.ഡി വകുപ്പിൽ നിന്നെന്ന വ്യാജേന ആളുകൾക്ക് മൊബൈലിൽ തട്ടിപ്പ് സന്ദേശങ്ങൾ വന്നിരുന്നു. ഇതിെൻറകൂടി പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. താങ്കളുെട എ.ടി.എം കാർഡ് സുരക്ഷാകാരണങ്ങളാൽ റദ്ദാക്കെപ്പട്ടിരിക്കുന്നുവെന്നാണ് സി.െഎ.ഡി വകുപ്പിൽ നിന്നെന്ന വ്യാജേനയുള്ള സന്ദേശത്തിലുള്ളത്. സി.െഎ.ഡിയിൽനിന്നുള്ള നിർദേശപ്രകാരം ഇനിയുള്ള ഇടപാടുകൾ നടത്താൻ കഴിയില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഖത്തർ സി.െഎ.ഡിയുമായി 0097431637590 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സന്ദേശത്തിലുണ്ട്. +97470163104 നമ്പറിൽനിന്നാണ് ഇത് വരുന്നത്. ഖത്തർ മൊബൈൽ നമ്പറിൽനിന്നാണ് ഇത് വരുന്നത് എന്നതിനാൽ ആളുകൾക്ക് യഥാർഥ സന്ദേശമാണെന്ന തെറ്റിദ്ധാരണ വരാനും സാധ്യതയുണ്ട്.
സന്ദേശത്തിൽ കാണിച്ച നമ്പറിലേക്ക് വിളിച്ചാൽ ചിലപ്പോൾ ഹിന്ദിയിൽ സംസാരിക്കുന്ന ആളായിരിക്കും ഫോൺ എടുക്കുക. എ.ടി.എം കാർഡിെൻറ പ്രശ്നങ്ങൾ പരിഹരിക്കാനായി ഫീസ് വേണമെന്നായിരിക്കും ചിലപ്പോൾ മറുതലക്കലിൽ നിന്നുള്ള ആവശ്യം. അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം രഹസ്യനമ്പറുകൾ എന്നിവയും ആവശ്യപ്പെടാറുണ്ട്. ഇത് വിശ്വസിച്ച് വ്യക്തിവിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയാവും ഫലം.
രാജ്യത്തിന് പുറത്തുനിന്നുള്ള ആളുകളാണ് മിക്കവാറും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ബംപർ സമ്മാനം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ഇത് നിങ്ങൾക്ക് എത്തിക്കാൻ സർവിസ് ചാർജ് ആവശ്യമുണ്ടെന്നും അത് ഉടൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ വൻതുക സമ്മാനം താങ്കളുടെ അക്കൗണ്ടിൽ എത്തുമെന്നും പറയുന്ന സന്ദേശങ്ങൾ മുമ്പ് വ്യാപകമായി വന്നിരുന്നു. ചിലർ തട്ടിപ്പറിയാതെ കെണിയിൽ വീഴുകയും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ബാങ്കിൽനിന്നെന്ന് വിശ്വസിപ്പിക്കുന്ന വ്യാജകോളുകളും വരുന്നുണ്ട്. ഇൗ കോൾ അറ്റൻറ് ചെയ്യുന്ന ഉപഭോക്താവിനോട് എ.ടി.എമ്മിൽ കയറി അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനാണ് ആവശ്യപ്പെടുക. പിന്നീട് എ.ടി.എം മെഷീനിൽനിന്ന് കിട്ടുന്ന റെസീതിലെ പ്രത്യേക നമ്പർ വായിച്ചുകൊടുക്കാനും പറയുന്നു.
ഇത് നമ്മൾ കൈമാറിക്കഴിഞ്ഞാൽ പിന്നെ ലോകത്തിെൻറ ഏത് ഭാഗത്തുനിന്നും നമ്മുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നുണ്ട്. പല സമയത്തും ഇത്തരം തട്ടിപ്പുകൾക്കെതിരെ ബാങ്കുകളും മറ്റും മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, ആളുകൾ ഇപ്പോഴും തട്ടിപ്പിന് ഇരകളാക്കപ്പെടുന്നു. മൊബൈൽ കമ്പനികളുടെ കസ്റ്റമർ കെയറിൽനിന്നാണെന്ന് വിശ്വസിപ്പിക്കുന കോളുകളും ചിലർക്ക് വരുന്നുണ്ട്. ബാങ്കുകളോ മൊബൈൽ കമ്പനികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾപോലുള്ള വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട്ഒരിക്കലും ഉപഭോക്താവിനെ വിളിക്കാറില്ല. ഇക്കാര്യങ്ങളിൽ എല്ലാവരും ഏറെ ജാഗ്രത പുലർത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയം ഉണർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
