മുട്ടുംവിളിക്കാരും ഓർമകളിൽ മായാത്ത ഉമ്മയും
text_fieldsസുബ്ഹ് ബാങ്കിൻെറ ഒന്നോ രണ്ടോ മണിക്കൂർ മുമ്പായിരിക്കും നോർത്ത് ഇന്ത്യക്കാരായ ഒരു സംഘം റോഡിലൂടെ അറവനമുട്ടിൻെറ താളത്തിൽ ഹിന്ദി പാട്ടുംപാടി നോമ്പുകാരെ അത്താഴം കുടിക്കാൻ ഉണർത്തിയിരുന്നത്. തൃശൂരിലെ തിരുവത്ര ചാവക്കാട് ഭാഗങ്ങളിൽ ഇത്തരക്കാർ എല്ലാ റമദാനിലും സജീവമായിരുന്നു. ഇവർക്ക് ഒരു വിളിപ്പേരുമുണ്ട്, മുട്ടുംവിളിക്കാർ എന്ന്. റമദാനിലെ ഒഴിച്ചുകൂടാനാകാത്ത സ്പെഷ്യലിൽ ഒന്നാണ് മുട്ടും വിളിക്കാർ. ഇവരുടെ ഉച്ചത്തിലുള്ള പഴയ ഹിന്ദി സിനിമയിലെ പാട്ടും അറവനമുട്ടിൻെറ താളത്തിലുമാണ് ഓരോ വീടും ഉണരുന്നത്.
ഈ സൽകർമ്മം ചെയ്യാൻ ഇവരെ ആരും നിയോഗിക്കുന്നതല്ല. ഇവരുടെ പൂർവികർ പിന്തുടർന്ന് പോകുന്നത് അവരും ചെയ്യുന്നുവെന്ന് മാത്രം. എല്ലാ റമദാൻ കാലവും ഇവർ അവരവരുടെ സംസ്ഥാനങ്ങളിൽ നിന്ന് എത്തുകയാണ് ചെയ്യാറ്. രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാകും. ഇവരുടെ താമസം നഗരത്തിലെ പ്രധാന പള്ളിയിലായിരിക്കും. ഗ്രാമത്തിലെ ഓരോ വീടുകളിൽ നിന്ന് ഭക്ഷണവും വസ്ത്രങ്ങളും കൊടുക്കും. ഈ പുതിയ കാലത്ത് ‘മുട്ടും വിളിക്കാരെ’ കാണാറില്ല. കഴിഞ്ഞ കുറേ റമദാനുകളിൽ ഇവരുടെ സാന്നിധ്യം ചാവക്കാട് മേഖലകളില്ല. സ്മാർട്ട് ഫോണുകളുടെ റിങ് ട്യൂണിൻെറ ശബ്ദത്തിലാണ് പ്രവാസിയുടെ അത്താഴം കുടിക്കൽ.
ഉമ്മാടെ ഓർമ്മകൾ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത് ഈ മാസത്തിലെ രാപകലുകളിൽ തന്നെയാണ്. അത്താഴം കുടിക്കാൻ ഉമ്മ എണീപ്പിക്കും. തേങ്ങ പാലും റോബസ്റ്റ് പഴവും മറ്റെന്തോ ചേർത്തും കൈ കൊണ്ട് പിഴിഞ്ഞ് ഒരു സ്പെഷ്യൽ ജ്യൂസ് ഉമ്മ ഉണ്ടാക്കാറുണ്ട്. അതിൻെറ രുചി ഉമ്മ ഉണ്ടാക്കി തരുമ്പോൾ മാത്രമാണ് കിട്ടാറ്. മുട്ടുംവിളിക്കാർ കഴിഞ്ഞാൽ റമദാനിലെ ഓർമ്മകളിൽ ഒരു മറവിക്കും
വിട്ടുകൊടുക്കാത്ത മറ്റൊന്ന് ഉമ്മാടെ ഈ സ്പെഷ്യൽ ജ്യൂസാണ്. രണ്ട് വർഷം മുമ്പ് റമദാൻ 24നാണ് ഉമ്മ മരിക്കുന്നതും. ഈ പ്രവാസിയുടെ നാല് ചുമരിൻെറ കൊട്ടാരം അതിനാൽ തന്നെ ഓർമകളാൽ സമ്പന്നം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.