ദൃശ്യാരവീന്ദ്രൻ കൈമാറിയ നോമ്പ് സന്ദേശം
text_fieldsയോതെറപ്പി പഠിക്കുന്ന കാലം. വർഷങ്ങൾക്കു മുമ്പുള്ള ആ റമദാൻ മാസം മറക്കാനാവാത്തതാണ്. പെട്ടെന്ന് ഹോസ്റ്റൽ മാറേണ്ടിവന്നു. അവിടത്തെ അസൗകര്യങ്ങൾ കാരണം നോമ്പുതുറക്കുന്ന സമയത്തും അത്താഴത്തിനും ഭക്ഷണം ഇല്ലായിരുന്നു. താമസക്കാരിൽ ഞാൻ മാത്രമേ മുസ്ലിം ഉള്ളൂ. നോമ്പിൻെറ മാസം ആകുമ്പോഴേക്കും വേറെ ഒരു സ്ഥലം കണ്ടെത്താം എന്നായിരുന്നു മനസ്സിൽ. പക്ഷേ നോമ്പ് തുടങ്ങിയിട്ടും മറ്റൊരു സ്ഥലം കിട്ടിയില്ല. നോമ്പ് ഒഴിവാക്കാനും മനസ്സുവരുന്നില്ല. കോളജും പഠനത്തിൻെറ ഭാഗമായ ആശുപത്രി ഡ്യൂട്ടിയും കൂടെ നോമ്പും. ഓരോ ദിവസം കഴിയുംതോറും ശരീരം തളർന്നു.
വീട്ടിലേക്ക് ഓടിയെത്താൻ പറ്റിയിരുന്നെങ്കിലെന്ന് എല്ലാ ദിവസവും ആഗ്രഹിച്ചു. കൈയിലാണെങ്കിൽ അത്യാവശ്യത്തിനുള്ള പൈസയേ ഉള്ളൂ. ദിവസങ്ങൾ കടന്നുപോയി. കൂട്ടുകാരി ദൃശ്യ രവീന്ദ്രൻ എനിക്കൊപ്പമായിരുന്നു താമസം. ഒരുദിവസം നോമ്പ് തുറക്കാൻ കുറച്ചു ഈത്തപ്പഴവുമൊക്കയായി ഞാൻ ബാങ്ക് കൊടുക്കുന്നത് കാത്തിരിക്കുകയായിരുന്നു. നോമ്പ് അങ്ങനെ തുറക്കും, എന്നിട്ട് എല്ലാവരും രാത്രി ഭക്ഷണം കഴിക്കുമ്പോൾ കൂടെ കഴിക്കും അതായിരുന്നു പതിവ്. പെട്ടെന്ന് ദൃശ്യ ഒരു വലിയ പൊതിയുമായി വന്നു. ഞാൻ തുറന്നുനോക്കുമ്പോൾ കുറെ ഭക്ഷണ സാധനങ്ങൾ. ശരിക്കും ഞെട്ടിപ്പോയി. ‘നിനക്കൊരു ദിവസം എൻെറ വക ആകട്ടെ നോമ്പുതുറ’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഭക്ഷണശാലകൾ ഒന്നും തുറക്കാത്ത ആ സമയത്ത് അവൾ എങ്ങനെ അത് വാങ്ങിയതെന്ന് അത്ഭുതപ്പെടുത്തി. അന്ന് ഞാൻ അത് കഴിച്ചു നോമ്പ് തുറന്നു. ആ വർഷത്തെ എൻെറ ഏറ്റവും നല്ല നോമ്പുതുറ ആയിരുന്നു അത്. കുറേ വർഷങ്ങൾ കഴിഞ്ഞു, കോളജ് കഴിഞ്ഞു, എല്ലാവരും പിരിഞ്ഞു. ഇപ്പോഴും ആ ദിവസം മറക്കാതെ മനസിലുണ്ട്. സത്യത്തിൽ ഇതുതന്നെയല്ലേ നോമ്പ് തരുന്ന സന്ദേശം? പ്രയാസമനുഭവിക്കുന്നവർക്ക് ആരാണോ ആശ്വാസം നൽകുന്നത് അവന് പടച്ചവൻ ഇൗ ലോകത്തിലും പരലോകത്തിലും ആശ്വാസം നൽകുമെന്ന സന്ദേശം. എൻെറ ആ സുഹൃത്ത് എവിടെയാണെങ്കിലും അവൾക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.