കോവിഡ് കാലമായതിനുശേഷം ജനലുകൾക്കെല്ലാം ഒരു വല്ലാത്ത ആകർഷണം, മുമ്പെങ്ങുമില്ലാ ത്ത എന്തോ ഒരു പ്രത്യേകത. പുറം കാഴ്ചകൾക്ക് പകിട്ട് കൂടുതൽ. എെൻറ പുറംകാഴ്ചകൾ ഇപ്പോ ൾ ജനലിൽ കൂടി മാത്രമാണ്. ജനലുകളും പാളികളും മുമ്പും അവിടെ തന്നെ ഉണ്ടായിരുന്നു, അെല്ല ങ്കിലും അതെല്ലാം ശ്രദ്ധിക്കാൻ ആർക്കായിരുന്നു സമയം?
പുലർച്ച നാലുമണിക്ക് ജനൽ കർ ട്ടൻ വകഞ്ഞുമാറ്റി പുറംകാഴ്ചകളിൽ മുഴുകും. നേർത്ത വെളിച്ചം പകർന്നുവരുന്ന പുലരിയി ൽ തുടങ്ങുന്നു വിവിധ കാഴ്ചകൾ. വിമാനത്താവളത്തിലേക്കുള്ള ജോലിക്കാർ ബസ് കാത്തുനിൽക്കുന്നതാണ് ആദ്യ കാഴ്ച. കോവിഡ് ഭീതിയില്ലാത്ത ധൈര്യശാലികൾ എന്നവരെ വിശേഷിപ്പിക്കാൻ കഴിയുമോ എന്നറിയില്ല. കാരണം നാട്ടിലെ ചുറ്റുപാടുകളിലെയും അതിജീവനത്തിെൻറയും പട്ടികയിൽ കൊറോണയും ലോക്ഡൗണുമില്ലല്ലോ.
എതിർഭാഗത്തുള്ള ഫ്ലാറ്റിൽ ദൈവത്തിെൻറ മാലാഖകളായ നഴ്സുമാർ, അവരും വാഹനത്തിനായി കാത്തുനിൽക്കുന്നു. പിന്നെ വരുന്നത് വളർത്തുപട്ടിയുമായി മറ്റൊരാൾ. പട്ടി മണംപിടിച്ചു സ്ഥലമൊക്കെ സെലക്ട് ചെയ്തിട്ടാണ് കാര്യം സാധിക്കുക. കഴിഞ്ഞാൽ യജമാനൻ കൈയിലുള്ള പേപ്പർ കൊണ്ട് വൃത്തിയാക്കും. നിറയെ ഫ്ലാറ്റുകളുണ്ടെങ്കിലും കോവിഡ് കാലമായതിനാൽ കാറിൽ ജോലിക്കുപോകുന്നവർ കുറവ്.
കുട്ടികളുടെ കലപിലയും പെണ്ണുങ്ങളുടെ കൂട്ടംകൂടിയുള്ള വർത്തമാനങ്ങളുമില്ല. ഇനി ജാലകക്കാഴ്ചകൾക്ക് അൽപവിരാമം. ബാൽക്കണിയിൽ എെൻറ ചെടികൾ കാത്തിരിപ്പുണ്ടാവും. എന്നെ കാണുന്ന മാത്രയിൽ ഇലകൾ ആട്ടിയും പൂക്കൾ പൊഴിച്ചും അവർ സന്തോഷിക്കും. കുട്ടികളുടെ റൂമിലെ ജനൽപടിയിലാണ് കറ്റാർവാഴ കൃഷി. മക്കൾ സ്ഥലത്തില്ലാത്തതിനാൽ മുറിയിൽ ആൾപെരുമാറ്റം കുറവ്. കറ്റാർവാഴച്ചട്ടിയിൽ ഒരമ്മക്കിളി കുടിയേറിത്താമസമാക്കി.
ആദ്യം അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ രണ്ടു മുട്ടകളിട്ടിരിക്കുന്നു. അടയിരിക്കുന്നതും വിരിയുന്നതും നോക്കിയിരിക്കൽ ഏറെ കൗതുകം. കിളിക്കുഞ്ഞുങ്ങൾക്കിപ്പോൾ രണ്ടാഴ്ച പ്രായമായി. അമ്മ തീറ്റ തേടി പോകാൻ തുടങ്ങി. നല്ല മഴക്കാറുണ്ട്. പെയ്യാൻ വെമ്പിനിൽക്കുന്ന കാർമേഘാവൃതമായ കറുത്ത നിറമാർന്ന ആകാശം. പുറത്ത് അമ്മക്കിളി ചിറകുവിരിച്ച് കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന തിരക്കിലാണ്. മഴപെയ്ത് മാനം തെളിയും, പ്രതിസന്ധികൾക്കുശേഷം പൂക്കളിനിയും വിരിയും, ജീവിതവും. പതിയെ എെൻറ ജാലകം അടച്ചോട്ടെ...