മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് പരസ്പരം പണം കൈമാറാനും സാധനങ്ങളുടെ വില നൽകാനും ഉള്‍പ്പെടെയുള്ള എല് ലാ സേവനങ്ങളും ഏത് സമയത്തും ഇതിലൂടെ ലഭ്യമാകും
ദോഹ: സുരക്ഷിതവും വേഗത്തിലുള്ളതുമായ ഇലക്ട്രോണിക് പേയ്മെൻറു കള്‍ നിര്‍വഹിക്കാനായി ‘ഖത്തര്‍ മൊബൈല്‍ പേയ്മെൻറ് സമ്പ്രദായം’ പുറത്തിറക്കി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആൽഥാനിയാണ് പുതിയ സംവിധാനം പൊതുജനങ്ങൾക്കായി പുറത്തിറക്കിയത്.
മൊബൈല്‍ പേയ്മെൻറ് സേവനങ്ങള്‍ക്കാവശ്യമായ എല്ലാവിധത്തിലുമുള്ള പ്രാദേശിക, അന്തര്‍ദേശീയ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഖത്തര്‍ മൊബൈല്‍ പേയ്മെൻറ് സമ്പ്രദായം സജ്ജമാക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് പരസ്പരം പണം കൈമാറാനും സാധനങ്ങളുടെ വില നൽകാനും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഏത് സമയത്തും ഇതിലൂടെ ലഭ്യമാകും. വില്‍പ്പന കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് തുക കൈമാറാനും ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും.
ഖത്തര്‍ ദേശീയ വീക്ഷണം 2030ൻെറ ഭാഗമായാണ് ഉന്നത നിലവാരത്തിലുള്ള പേയ്മെൻറ് സമ്പ്രദായം പുറത്തിറക്കിയതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലും വിവിധ വിഭാഗങ്ങളിലും പൊതുസ്ഥാപനങ്ങളിലും ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലും ആവശ്യമായ തലത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടലാസ് പണത്തിൻെറ കൈമാറ്റം ഇതിലൂടെ കുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.