ദോഹ: മയക്കുമരുന്നായ ഹഷീഷ് ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. തെര്‍മോക്കോള്‍ ഐസ് പെട്ടിയിലാണ് ഹഷീഷ് കടത്താന്‍ യാത്രക്കാരന് ശ്രമിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രണ്ടര കിലോഗ്രാം ഹഷീഷാണ് ഏഷ്യന്‍ രാജ്യത്തുള്ള യാത്രക്കാരനില്‍നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
തെര്‍മോക്കോള്‍ ഐസ് പെട്ടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഹഷീഷ്. രാജ്യത്തേക്ക് അനധികൃതവും നിരോധിതവുമായ വസ്തുക്കള്‍ കടത്തുന്നതിനെതിരെ കസ്റ്റംസ് തുടര്‍ച്ചയായ മുന്നറിയിപ്പുകളാണ് നൽകുന്നത്. കള്ളക്കടത്തോ അനധികൃത വസ്തുക്കളോ കടത്തുന്ന യാത്രക്കാരെ അവരുടെ പെരുമാറ്റത്തില്‍ നിന്നും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചും കണ്ടെത്താനുള്ള പരിശീലനം ലഭിച്ചവരാണ് ഖത്തറിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും അധികൃതര്‍ അറിയിച്ചു.