കരാറിന് ചുക്കാൻപിടിച്ച ഖത്തറിന് അഭിനന്ദന പ്രവാഹം
text_fieldsദോഹ: ഒന്നര പതിറ്റാണ്ടു പിന്നിട്ട യുദ്ധങ്ങൾക്കും പാരമ്പര്യ വൈരത്തിനും അറുതി കുറിക്കുന്ന യു.എസ് - താലിബാൻ സമാധാന കരാർ യാഥാർഥ്യമായതോടെ ഖത്തറിന് ലോകത്തിെൻറ അഭിനന്ദന പ്രവാഹം. യുദ്ധക്കെടുതിയും കണ്ണീരും മാത്രം നിലനിന്നിരുന്ന അഫ്ഗാൻ മണ്ണിൽ സന്തോഷത്തിെൻറയും സമാധാനത്തിെൻറ പുതുപ്രതീക്ഷകൾക്ക് കളമൊരുക്കിയ ഖത്തറിെൻറ പങ്കിനെ ലോകത്തെ വിവിധ രാജ്യങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ചരിത്ര കരാറെന്ന് ലോകം അടയാളപ്പെടുത്തിയ ഇൗ സുവർണ നിമിഷത്തിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടുചെന്നെത്തിച്ചത് ഖത്തറിെൻറ അക്ഷീണ പ്രയത്നവും പിന്തിരിയാൻ കൂട്ടാക്കാത്ത ശ്രമങ്ങളും ഒന്നുകൊണ്ടു മാത്രമായിരുന്നു. രണ്ടു വർഷത്തോളം നീണ്ട ചർച്ചകളുടെയും കൂടിയാലോചനകളുടെയും സമാധാന ശ്രമങ്ങളുടെയും ഫലമായി അമേരിക്കയും താലിബാനും പരസ്പര ധാരണയോടെ മുന്നോട്ടു നീങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതോടെ ലോകമെങ്ങുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകരും സമാധാന പ്രേമികളും അത്യധികം സന്തോഷത്തിലാണ്.
പലതവണകളായി അനുരഞ്ജന ശ്രമങ്ങളും സമവായ ചർച്ചകളുമെല്ലാം പരാജയപ്പെട്ടിട്ടും, പിന്മാറാൻ കൂട്ടാക്കാതെ ശുഭ പ്രതീക്ഷയോടെ മുന്നേറിയ ഖത്തർ അമീർ ശൈഖ് തമീമിെൻറ നയതന്ത്രങ്ങളും ഇടപെടലുകളും പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ അബ്്ദുൽ അസീസിെൻറ പിന്തുണയുമാണ് ലോകം മുഴുവൻ സന്തോഷം പകർന്ന കരാർ യാഥാർഥ്യമായതിന് പിന്നിലും. ഖത്തറിൽ നടന്ന ചർച്ചകളാണ് ഇരു രാജ്യങ്ങളെയും സമാധാനത്തിെൻറ പാതയിലേക്ക് ഒരുമിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കും ഖത്തറുമായുള്ള വിശ്വാസവും സമാധാന കരാറിലേക്കെത്താൻ യു.എസിനെയും താലിബാനെയും പ്രേരിപ്പിച്ചുവെന്നതും യാഥാർഥ്യമാണ്. അഫ്ഗാനിസ്താനിലെ സമാധാനം, സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവയെ പരിപോഷിപ്പിക്കുന്നതിന് ഖത്തര്‍ മികച്ച പിന്തുണയും ശ്രദ്ധയുമാണ് നൽകിവന്നിട്ടുള്ളത്.
അഫ്ഗാനിസ്താനില്‍ ശാശ്വത സമാധാനം കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഖത്തര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. അക്രമം തടയുന്നതിനും കാഴ്ചപ്പാടുകളിൽ ഏകോപനമുണ്ടാക്കുന്നതിനും സമവായ വഴിയിലേക്ക് നീങ്ങുന്നതിനായി രാഷ്്ട്രീയ അടിത്തറ ഒരുക്കുന്നതിനുമായി അഫ്ഗാനിലെ രാഷ്്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഖത്തര്‍ നിരവധി മധ്യസ്ഥ ശ്രമങ്ങളും നടത്തിയിരുന്നു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹ കഴിഞ്ഞവര്‍ഷം അഫ്ഗാന് സമാധാന സമ്മേളനം തന്നെ ഖത്തർ സംഘടിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്താന് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി വ്യക്തികളെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കുക എന്നതായിരുന്നു ഇതിലൂടെ ഖത്തർ ലക്ഷ്യംവെച്ചിരുന്നത്. ഇത്തരമൊരു കരാറിലേക്ക് ചര്‍ച്ചകളെ എത്തിക്കുന്നതിൽ ഖത്തർ വഹിച്ച പങ്ക് അഫ്ഗാന് സര്‍ക്കാറും പൂര്‍ണമായും വിലമതിക്കുന്നുണ്ട്. സോവിയറ്റ് അധിനിവേശ കാലം മുതല്‍ അഫ്ഗാനിലെ ജനങ്ങള്‍ക്ക് ദോഹ പിന്തുണ നല്‍കുന്നുണ്ടെന്നും ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം വളരെ ഉയര്‍ന്നതാണെന്നുമാണ് അഫ്ഗാന് അംബാസഡര്‍ ഇതുസംബന്ധിച്ച് പരാമർശം നടത്തിയത്.
സമാധാന കരാർ ചരിത്രപരം –ലൂലുവ അൽഖാതിർ
ദോഹ: യു.എസും താലിബാനും തമ്മിലുള്ള സമാധാന കരാര്‍ യാഥാർഥ്യമായത് ചരിത്രപരമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവുമായ ലൂലുവ ബിൻത് റാഷിദ് അൽഖാതിർ. ‘‘ഇതൊരു ചരിത്രപരമായ കരാറാണ്. ഇതിനെക്കുറിച്ചും അഫ്ഗാന് ജനതയെക്കുറിച്ചും ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. ഈ കരാര്‍ യാഥാർഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച കക്ഷികളോടും പിന്തുണച്ചവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’’ -ലൂലുവ അൽഖാതിർ വ്യക്തമാക്കി. കരാര്‍ യാഥാർഥ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും മന്ത്രി നന്ദിയും രേഖപ്പെടുത്തി.
യു.എസ് ഭരണകൂടത്തിനും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിനോടും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, അഫ്ഗാന് പ്രത്യേക പ്രതിനിധി സല്‍മയ് ഖാലില്‍സാദ് എന്നിവരോടും വളരെയധികം നന്ദിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അഫ്ഗാന് സര്‍ക്കാറിനോടും താലിബാനോടും കടപ്പാട് അറിയിക്കുന്നതായും വ്യക്തമാക്കി. ഈ സമാധാന കരാര്‍ യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഖത്തര്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഫ്ഗാന് ആഭ്യന്തര സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ ഖത്തര്‍ മുന്നിട്ടുനിന്നിരുന്നു. അമ്പതിനടുത്തുവരുന്ന അഫ്ഗാന് രാഷ്്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെയും താലിബാന് പ്രതിനിധികളെയും ജർമനിയെയും ഉള്‍പ്പെടുത്തിയാണ് ഖത്തര്‍ സമാധാന സമ്മേളനം സംഘടിപ്പിച്ചതെന്നും ലൂലുവ അൽഖാതിർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
