ദോഹ: നൂപുരധ്വനികളുയരുന്ന നൃത്തവേദിയിൽനിന്ന് നേട്ടങ്ങളുടെ നെറുകയിലേക്ക് ചുവടുവെക്കുകയാണ് പൂജ സന്തേഷ് എന്ന ആറാം ക്ലാസുകാരി. നൃത്തവേദികളിൽ ആസ്വാദകരെ അതിശയിപ്പിക്കുന്ന ഇൗ മലയാളി മിടുക്കി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന അന്താരാഷ്്ട്ര നൃത്തമത്സരത്തിലാണ് ഏറ്റവും ഒടുവിലാണ് വിസ്മയച്ചുവടുകൾ വെച്ചത്. ബിര്‍ള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി പൂജാ സന്തോഷ് കുഞ്ഞുനാളിൽ തന്നെ കൂട്ടുകൂടിയത് നൃത്തത്തോടായിരുന്നു. മലേഷ്യയിൽ നടന്ന മെഗാ മത്സരത്തിൽ കുച്ചിപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ എക്സലന്‍സ് പുരസ്കാരമാണ് പൂജ സ്വന്തമാക്കിയിരിക്കുന്നത്. ഒാള് ഇന്ത്യ ഡാന്‍സ് അസോസിയേഷന് (എ.ഐ.ഡി.എ) ആയിരുന്നു സംഘാടകര്‍. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍, ഹൈകമീഷന് ഓഫ് ഇന്ത്യ ക്വാലാലംപൂര്‍ എന്നിവരുമായി സഹകരിച്ചാണ് നൃത്തമത്സരം സംഘടിപ്പിച്ചത്.
നേരത്തേ ഐ.ഐ.ഡി.എ ഛത്തിസ്ഗഢിലെ ഭിലായില്‍ നടത്തിയ ദേശീയ നൃത്തോത്സവത്തില്‍ ‘നൃത്ത്യതി’ ബഹുമതിയും ദോഹയിൽ താമസിക്കുന്ന ഇൗ കൊച്ചുനർത്തകി സ്വന്തം പേരിലെഴുതിച്ചേർത്തിരുന്നു. നാലാം വയസ്സു മുതല്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചുവരുന്ന പൂജ ഖത്തറിലെ നിരവധി വേദികളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളാണ് ഇതുവരെ പൂജ നേടിയത്. കേരളത്തിലെ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആൻറണിക്കും ദോഹ മാമാങ്കം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സൂസാദിമ സൂസനും കലാമണ്ഡലം ബിനുഷക്കും കീഴില്‍ നൃത്തം അഭ്യസിക്കുന്ന പൂജ സംഗീതരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പത്താം വയസ്സില്‍ കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഓച്ചിറ മായാമോഹിനി ടീച്ചറുടെ നേതൃത്തില്‍ നടന്ന സംഗീതകച്ചേരിയില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത പരിപാടിയും നടത്തിയിരുന്നു. ഖത്തര്‍ പെട്രോളിയത്തിലെ ലീഡ് എൻജിനീയര്‍ അടൂര്‍ ഏഴംകുളം സ്വദേശി സന്തോഷ് കുറുപ്പിെൻറയും ദീപാ പിള്ളയുടേയും മകളാണ്. സഹോദരി സ്നേഹ സന്തോഷ് കൊച്ചി എയിംസില്‍ എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാർഥിനിയാണ്.