ദോഹ: വിജയത്തോടെ തുടക്കമിട്ട ഖത്തറിന് ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് യോഗ്യത മ ത്സരത്തിൽ രണ്ടാം ജയം. ഗ്രൂപ് ബിയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ജപ്പാനെയാണ് ഖത്തർ കീഴടക്കിയത്. ആദ്യ മത്സരത്തിൽ ചൈനക്കെതിരെ നേടിയ വിജയത്തിെൻറ ആത്മവിശ്വാസവുമായി ഇറങ്ങിയ ഖത്തർ 28നെതിരെ 26 പോയൻറിനാണ് ത്രസിപ്പിക്കുന്ന ജയം നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഗ്രൂപ്പിലെ രണ്ടു ടീമുകൾക്കെതിരെയും ആധികാരിക വിജയം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ചൈനക്കെതിരെ ഖത്തർ വിജയം നേടിയിരുന്നു. യോഗ്യത മത്സരത്തിൽ വിജയിക്കുന്ന നാലു ടീമുകൾ 2021ൽ ഈജിപ്തിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടും. ഒരാഴ്ച നീണ്ട പരിശീലന ക്യാമ്പിനു ശേഷമാണ് ഖത്തർ താരങ്ങൾ കുവൈത്തിലേക്ക് വിമാനം കയറിയത്. ഖത്തർ ഹാൻഡ്ബാൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗമായ അഡെൽ അൽ അൻസിയുടെ നേതൃത്വത്തിലാണ് ഖത്തർ മത്സരത്തിനെത്തിയത്.
ക്യാമ്പിന് മുന്നോടിയായി ക്രൊയേഷ്യയിൽ നടന്ന സൗഹൃദ മത്സരത്തിൽ ബോസ്നിയക്കും ക്രൊയേഷ്യക്കുമെതിരെ ഖത്തർ മത്സരിച്ചിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെ ഖത്തർ ഇറാനെതിരെ രണ്ട് ഹോം ഫ്രൻഡ്ലി മത്സരങ്ങളും കളിച്ചു. ജപ്പാനും ചൈനയുമാണ് ഖത്തർ ഉൾപ്പെടുന്ന ഏഷ്യൻ ഗ്രൂപ് ബിയിലെ മറ്റു ടീമുകൾ. ഗ്രൂപ് എയിൽ ബഹ്റൈൻ, ഇറാൻ, ന്യൂസിലൻഡ് എന്നിവർ മത്സരിക്കുമ്പോൾ ഗ്രൂപ് സിയിൽ ദക്ഷിണ കൊറിയ, സൗദി അറേബ്യ, ആസ്ട്രേലിയ ടീമുകളാണ് യോഗ്യത ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. ആതിഥേയരായ കുവൈത്തും യു.എ.ഇയും ഹോങ്കോങ്ങും ഇറാഖും ഉൾപ്പെടുന്നതാണ് ഗ്രൂപ് ഡി. ഖത്തർ സ്ക്വാഡ്: അഹ്മദ് മഡ്ഡി, അബ്ദുൾ റഹ്മാൻ താരിഖ്, റാഫേൽ ഡി കോസ്റ്റ കാപോട്ട്, അൽ റാഷിദിൽ അലാവുദ്ദീൻ, റാഷിദ് യൂസഫ് അമിൻ സക്കർ, മഹമൂദ് സാക്കി, ഡാനിയേൽ സിർച്ച്, വാജ്ദി സേനൻ, അനിസ് അൽ സവാവി, ഹാനി കാക്കി, മുസ്തഫ അൽ ഖസ്ത, യാസിൻ സമി, ഹസ്സൻ അവാർഡ്, മുഹമ്മദ് അമിൻ, മർവാൻ സാസി, യൂസുഫ് ബിൻ അലി, ഫ്രാൻസെസ് കരോൾ, മരിയോ ടോമെക്.