ദോഹ: 2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച ഖത്തറി െൻറ പുതിയ തീരുമാനത്തെ രാജ്യാന്തര തൊഴില്‍ സംഘടന സ്വാഗതം ചെയ്തു. എക്സിറ്റ് പെർമിറ്റുകൾ നീക്കംചെയ്യുന്നത് സർക്കാറിെൻറ തൊഴിൽ പരിഷ്കരണ അജണ്ടയിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ നേരിട്ട് ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ തീരുമാനമെന്നും ഐ.എല്‍.ഒ വ്യക്തമാക്കി. ഖത്തറിലെ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും തൊഴിൽ കാലാവധിക്കിടെ തൊഴിലുടമകളിൽനിന്ന് അനുമതി വാങ്ങാതെ ഇനി രാജ്യം വിടാനാകുമെന്നും അന്താരാഷ്ട്ര തൊഴിൽ സംഘടന അറിയിച്ചു. മിക്ക സ്വകാര്യമേഖല തൊഴിലാളികൾക്കും എക്സിറ്റ് പെർമിറ്റ് നേടുന്നതിനുള്ള ആവശ്യകത നീക്കം ചെയ്യുന്നതിനായി 2018 ഒക്ടോബറിൽ ഖത്തർ തൊഴിൽ നിയമങ്ങളിൽ മാറ്റംവരുത്തിയിരുന്നു.
ഏറ്റവും പുതിയ നിയമനിർമാണം, വീട്ടുജോലിക്കാർക്കും പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്കും എണ്ണ, വാതക വ്യവസായം, കടലിൽ ജോലി ചെയ്യുന്നവർ, കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ഗുണകരവും അവരുടെ അവകാശങ്ങൾ വിപുലീകരിക്കുന്നതുമാണ്. തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുകയും എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആധുനിക തൊഴിൽ സമ്പ്രദായം സൃഷ്ടിക്കുന്നതിന് ഖത്തർ സർക്കാർ സ്വീകരിച്ച മറ്റൊരു സുപ്രധാന നടപടിയാണിത്. ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ഗുണം ചെയ്യുന്ന ഈ മാറ്റങ്ങളെ ഐ.എൽ.ഒ ഉൗഷ്മളമായി സ്വാഗതം ചെയ്യുന്നതായും ഖത്തറുമായി ചേർന്ന് പ്രവർത്തിക്കുന്ന യു.എൻ ലേബർ ബോഡി ഓഫിസ് മേധാവി ഹൗട്ടന് ഹുമയൂന്‍പുര്‍ പറഞ്ഞു.