ദോഹ: യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ജനുവരി മൂന്നുമുതൽ ആറുവരെ അഞ്ചു മണിക്കൂർ വരെ വാഹന പാർക്കിങ് സൗജന്യമായിരിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്നുമുതൽ ജനുവരി ആറുവരെ രാത്രി 10 മുതൽ പുലർച്ചെ മൂന്നുവരെയാണ് ഈ ഇളവ് അനുവദിക്കുക. യാത്രക്കാർ ഏറെ എത്തുന്ന സമയം കണക്കിലെടുത്താണിത്. സ്കൂൾ അവധി കഴിഞ്ഞ് നിരവധി ആളുകളാണ് വിവിധ രാജ്യങ്ങളിൽനിന്നായി വാരാന്ത്യദിവസങ്ങളിൽ ഖത്തറിലേക്ക് തിരിച്ചെത്തുന്നത്.
തിരക്കേറിയ സമയമായതിനാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത് നടപ്പാക്കുന്നത്. തിരക്കുപിടിച്ച സമയങ്ങളിൽ അറൈവൽ ഗേറ്റുകൾക്ക് സമീപം നിരവധി കാറുകൾ യാത്രക്കാരെ കാത്തുനിൽക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. അതുകൂടി കണക്കിലെടുത്താണ് വിമാനത്താവള അധികൃതരുടെ നടപടി. എല്ലാ വർഷവും സ്കൂൾ തുറക്കുന്ന സമയങ്ങളിൽ വിമാനത്താവളത്തിൽ ഏതാനും മണിക്കൂറുകൾ പാർക്കിങ് സൗജന്യം നടപ്പാക്കാറുണ്ട്.