ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം വനിതാവിഭാഗമായ നടുമുറ്റത്തി െൻറ ആഭിമുഖ്യത്തിൽ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളോടൊത്ത് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ചെയർപേഴ്സൻ ഡോ. ഫാത്തിമ ജാസിം അൽ കുവാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.വ്യത്യസ്ത കലാവിഷ്കാരങ്ങൾ നടന്നു. വുകൈർ ഏരിയ ഫ്യൂഷൻ ഡാൻസ്, മദീന ഖലീഫ ഏരിയ ദഫ്മുട്ട് നടത്തി. അറബിക് ഡാൻസ്, ഗാനം എന്നിവ ബർവ അൽഖോർ ഏരിയകളും അവതരിപ്പിച്ചു.
മതാർ ഖദീം ഏരിയ ഗാനവും ദോഹ ഏരിയ പരമ്പരാഗത നൃത്തവും അവതരിപ്പിച്ചു. പാലക്കാട് ജില്ല അവതരിപ്പിച്ച അറബിക് നൃത്തം, പത്തനംതിട്ട ജില്ലയുടെ ഫ്യൂഷൻ ഗാനം, തൃശൂർ ജില്ല നടത്തിയ സംഗീതശിൽപം എന്നിവ വ്യത്യസ്തമായി. ശേഷം ലുലു ഗ്രൂപ് നൽകിയ വിൻറർ ജാക്കറ്റുകൾ രോഗികൾക്ക് കൈമാറി. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് തോമസ് സക്കറിയ അധ്യക്ഷത വഹിച്ചു. നടുമുറ്റം കേന്ദ്ര കോഓഡിനേറ്റർ ആബിദ സുബൈർ സ്വാഗതം പറഞ്ഞു. ശബീർ, ജസീല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി രമ്യാ നമ്പിയത്ത് നന്ദി പറഞ്ഞു. സജ്ന സാക്കി, നൂർജഹാൻ ഫൈസൽ, റുബീന, ഹസീന ബീഗം, ഖദീജാബി നൗഷാദ്, സമീന, മുഫീദ, രുദയ്ന, സാജിത, ഹുമൈറ, വാഹിദ എന്നിവർ നേതൃത്വം നൽകി.