പുതുവർഷ തിരക്ക്: വിമാന യാത്രക്കാര്‍ നിർദേശങ്ങൾ പാലിക്കണം
text_fieldsദോഹ: പുതുവർഷാഘോഷ തിരക്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുേമ്പ വിമാനത്താവളത്തില്‍ എത്തണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യുകയും രജിസ്റ്റര്‍ ചെയ്തവര്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കുകയും വേണം. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന ടെര്‍മിനലുകളില്‍ ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി എട്ടുവരെ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വിസ് ചെക്ക് ഇന്‍ കിയോസ്ക്കുകള്‍ ഉപയോഗിക്കണം.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ എച്ച്.ഐ.എ ഖത്തര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും ചെക്ക് ഇന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ചെക്ക് ഇന്‍ ബാഗുകളില്‍ നിരോധിത വസ്തുക്കളൊന്നുമില്ലെന്ന് യാത്രക്കാര്‍ നേരേത്ത തന്നെ ഉറപ്പുവരുത്തേണ്ടതാണ്.
പുതിയ ബാഗേജ് റാപ്പിങ് സെൻററുകള്‍ റോ 3, 10 എന്നിവക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. സ്ക്രീനിങ്ങില്‍ മൊബൈല്‍ ഫോണിനെക്കാള്‍ വലുപ്പമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ബാഗില്‍നിന്ന് പുറത്തേക്കെടുത്ത് ട്രേയില്‍ നിക്ഷേപിക്കേണ്ടതും എക്സ്റേ പരിശോധന നിര്‍വഹിക്കേണ്ടതുമാണ്. ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ചുള്ള ഹോവര്‍ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ചെറുവാഹനങ്ങളും കൈവശംവെക്കുന്നത് അനുവദിക്കില്ല. അവധിക്കാല തിരക്കിനിടയില്‍ വളര്‍ത്തുമൃഗങ്ങളെ കൂടെക്കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
