ദോഹ: ഡിസംബർ 18 ദേശീയദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കവും സജ്ജമായി. ഇത്തവണത്തെ ദേശീയ ദിന പരേഡ് കോർണിഷിൽ രാവിലെ 9.30ന് ആരംഭിക്കും. പരിപാടികൾ കാണാനെത്തുന്നവർ നേരത്തേതന്നെ കോർണിഷിൽ എത്തണമെന്നും ദേശീയദിനാഘോഷപരിപാടികളുടെ സുരക്ഷകമ്മിറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോർണിഷ് റോഡ് അന്നേ ദിവസം രാവിലെ ആറു മുതൽ അടച്ചിടും. സ്വകാര്യകാറുകളുെട പാർക്കിങ്ങിന് 16 സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. മെട്രോയിൽ വഴി പരിപാടി സ്ഥലത്ത് എത്തുകയാണ് നല്ലത്. നിരവധി മെട്രോ സ്റ്റേഷനുകൾ കോർണിഷുമായി ബന്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥക്കനുസരിച്ചുള്ള വസ്ത്രങ്ങളടക്കമുള്ള മുന്നൊരുക്കത്തോടെയാണ് പരേഡ് വീക്ഷിക്കാനായി എത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.
‘ശ്രേഷ്ഠതയിലേക്കുള്ള വഴി കഠിനമാണ്’ അഥവാ ‘അൽ മആലീ കായ്ദ...’ എന്നതാണ് ഇത്തവണത്തെ ദേശീയദിനത്തിൻെറ മുദ്രാവാക്യം. സാംസ്കാരിക, കായിക മന്ത്രാലയമാണ് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്.
ആധുനിക ഖത്തറിെൻറ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ മകൻ ശൈഖ് അലി ബിൻ ജാസിമി (ജൂആൻ)നെ വിവരിക്കുന്ന കവിതയിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്. ആധുനിക ഖത്തറിെൻറ സംസ്ഥാപന വേളയിലെ ഖത്തരി യുവതയുടെ നേർചിത്രമാണ് കവിതയിലുടനീളം വിശദീകരിച്ചിരിക്കുന്നത്. മികവിെൻറയും മേന്മയുടെയും ഔന്നിത്യത്തിെൻറയും പാതകൾ ദുർഘടമായതാണെന്ന ഖത്തരി യുവതയുടെ വിശ്വാസത്തിലേക്കാണ് മുദ്രാവാക്യം വെളിച്ചം വീശുന്നത്.