ദോഹ: ദേശീയ വീക്ഷണം 2030െൻറ ഭാഗമായി ഖത്തര്‍ പോസ്റ്റല്‍ സര്‍വിസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പോസ്റ്റല്‍ സര്‍വിസ് കമ്പനിയാകാന്‍ ശ്രമം തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികത, മികച്ച സേവനം, ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം, ജോലിക്കാരുടെ മികവുറ്റ പ്രവര്‍ത്തനം, സംഘടനാ പാടവം എന്നിവ ഉപയോഗപ്പെടുത്തിയാണ് മികവ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഖത്തര്‍ പോസ്റ്റല്‍ സര്‍വിസസ് കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 42 മില്യണില്‍ നിന്നും 39 മില്യണായി 2017ല്‍ കുറച്ചിരുന്നു. ഖത്തര്‍ പോസ്റ്റലിെൻറ ആധുനികവത്കരണ നയങ്ങളുടെ ഭാഗമായി 2019-’23 ഖത്തര്‍ പോസ്റ്റ് നയം ഇതിനകം തയാറാക്കിയിട്ടുണ്ട്. ചരക്കു നീക്കത്തിെൻറ ഭാഗമായി ഖത്തര്‍ പോസ്റ്റ് ഇൻറര്‍നാഷനല്‍ സര്‍വിസ് ആരംഭിക്കുകയും 2018ല്‍ ഒരു മില്യന്‍ റിയാല്‍ വരുമാനമുണ്ടാക്കുകയും ചെയ്തു.
അതുകൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേര്‍ന്ന് ഡ്രൈവിങ് ലൈസന്‍സും വാഹന ലൈസന്‍സും വിതരണം നടത്തി. ഖത്തര്‍ പോസ്റ്റിെൻറ ശൃംഖലകൾ വികസിപ്പിക്കുകയും ഔട്ട്ലെറ്റുകളും ശാഖകളും വര്‍ധിപ്പിക്കുകയും ചെയ്തു. 24 ശാഖകളും ഏഴ് കിയോസ്കുകളുമാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ വികസന ഭാഗമായി ഖത്തര്‍ പോസ്റ്റ് ടര്‍ക്കിഷ് മാര്‍ക്കറ്റ് സര്‍വിസിനും തുടക്കമിട്ടു. തുര്‍ക്കി ഉൽപന്നങ്ങള് ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള മേഖലയാണ് ഇതുവഴി ഒരുക്കിയത്. പുതിയ ഡിജിറ്റല്‍ ചാനലിെൻറ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കുകയും ചരക്കുനീക്കത്തിെൻറ ദിവസങ്ങള്‍ എട്ടില്‍ നിന്നും അഞ്ചായി കുറക്കുകയും ചെയ്തു. യന്ത്രവത്കരണ ഭാഗമായി ആസ്ഥാനത്ത് സെല്‍ഫ് സര്‍വിസ് യന്ത്രങ്ങള്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ചു. ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്തുന്നതിന് 82 പരിശീലന പരിപാടികളും നടത്തി.