You are here
അണ്ഡാശയ പ്രശ്നങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ വന്ധ്യതക്ക് സാധ്യത
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ വന്ധ്യത ചികിത്സക്കെത്തുന്ന വനിതകളില്‍ പകുതിയും അണ്ഡാശയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളുള്ളവർ. അണ്ഡാശയത്തിൽ ചെറിയ മുഴകളുണ്ടാവുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ആണ് മിക്കവരുടെയും പ്രശ്നം. ഇത് ചികിത്സിച്ച് ഭേദമാക്കാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഗൈനക്കോളജിസ്റ്റ് ആൻഡ് റീപ്രൊഡക്ടിവ് മെഡിസിന് സീനിയര്‍ കണ്‍സൽട്ടൻറ് ഡോ. ലുല്‍വ അൽ അന്‍സാരി പറയുന്നു. വെയില് കോര്‍ണല്‍ മെഡിസിന് ഖത്തറിലെ അസി. പ്രഫസര്‍ കൂടിയാണ് അവര്‍. വന്ധ്യതക്ക് കാരണമാകുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം.
ലോകത്ത് ഗര്‍ഭിണികളായിരിക്കെ പത്തില്‍ ഒരാൾക്ക് എന്നകണക്കിൽ പോളിസിസ്റ്റിക് ഓവറി സിന്ഡ്രോമുണ്ടെന്നാണ് കണക്ക്. ഹോര്‍മോണുമായി ബന്ധപ്പെട്ട അസന്തുലിതാവസ്ഥ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുകയും വന്ധ്യതക്ക് കാരണമാവുകയും ചെയ്യും. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമുമായി ബന്ധപ്പെട്ട വന്ധ്യത ചികിത്സിച്ച് ഭേദമാക്കാം. ദിവസവും ഇത്തരം രോഗബാധയുള്ളവരെ ഹമദിെൻറ ഐ.വി.എഫ്, ഇന്‍ഫെര്‍ട്ടിലിറ്റി ആൻഡ് ഗൈനക്കോളജി ക്ലിനിക്കുകളില്‍ കണ്ടുമുട്ടാറുണ്ട്. ഓരോ ആഴ്ചയും നൂറോളം വനിതകളാണ് വന്ധ്യത ക്ലിനിക്കുകളില്‍ എത്താറ്. അവരില്‍ 50 പേരെങ്കിലും പോളിസിസ്റ്റിക് ഓവറി സിന്ഡ്രോമുള്ളവരാണ്. ശരിയായ കാരണം വ്യക്തമാവില്ല. എങ്കിലും മാനസിക സമ്മർദം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവ കാരണമാകുന്നുണ്ട്. ഡയറ്റ്, വ്യായാമം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയും കാരണമാണ്.
പ്രശ്നം നേരേത്ത കണ്ടെത്തി ചികിത്സിച്ചാല്‍ തുടര്‍ സങ്കീർണത ഒഴിവാക്കാം. ചികിത്സിക്കാതിരുന്നാല്‍ വന്ധ്യത, അമിതവണ്ണം, പ്രമേഹം, അര്‍ബുദം, വിഷാദം തുടങ്ങിയ രോഗങ്ങളിലേക്കെത്തും. പോളിസിസ്റ്റിക് ഓവറി സിന്ഡ്രോമിെൻറ ലക്ഷണങ്ങളുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണിക്കണം. ഇത് ഒറ്റപ്പരിശോധനകൊണ്ട് കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ ക്രമമല്ലാത്ത ആര്‍ത്തവം, ആര്‍ത്തവമേ ഇല്ലാതിരിക്കുക, പുരുഷന്മാരെപ്പോലെ കഷണ്ടിയുണ്ടാവുക, മുഖത്തോ കവിളിലോ ശരീരത്തിെൻറ മറ്റേതെങ്കിലും ഭാഗങ്ങളിലോ രോമം കിളിര്‍ക്കുക, മുഖക്കുരു, ഗര്‍ഭിണിയാകാന്‍ പ്രയാസം നേരിടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ഡോക്ടറെ കാണണം. രക്തപരിശോധനയിലൂടെ രോഗിയുടെ ഹോര്‍മോണ്‍ നിലവാരം അളക്കാനാവും. അള്‍ട്രാസൗണ്ടിലൂടെ അണ്ഡോൽപാദന വിവരങ്ങളും ലഭ്യമാകും. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചാണ് ചികിത്സയെന്നും ഡോ. അല്‍ അന്‍സാരി വിശദീകരിച്ചു.