ദോഹ: ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ട്രക്കുകളും ഹെവി ഉപകരണങ്ങളും പാര്‍ക്ക് ചെയ്യുന്നതിനുള്ള കേന്ദ്രം വരുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് സൗകര്യം വികസിപ്പിക്കാന്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പദ്ധതിയിടുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ വ്യവസായിക മേഖലാ കാര്യങ്ങള്‍ക്കായുള്ള സ്ഥിരം സമിതിയുടെ കർമപദ്ധതിയുടെ ഭാഗമാണിത്. തൊഴിലാളികളുടെയും ട്രക്ക് ഡ്രൈവര്‍മാരുടെയും താമസത്തിനുള്ള സൗകര്യം, ഓഫിസ് സൗകര്യങ്ങള്‍, വെയര്‍ഹൗസിങ്,
വാണിജ്യ യൂനിറ്റുകൾ, പള്ളികള്‍, സാനിറ്ററി സ്റ്റേഷനുകൾ, വര്‍ക്ക്ഷോപ്പുകള്‍, സേവന സൗകര്യങ്ങൾ, സുരക്ഷ, ലൈറ്റിങ് തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടും. ഏകദേശം 1.1 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീർണമുള്ള സ്ഥലം ഇതിനായി സുരക്ഷിതമായി സൗകര്യപ്പെടുത്തിയിട്ടുണ്ട്. നിർദിഷ്ട സൗകര്യങ്ങള്‍ 2021 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 25 വര്‍ഷക്കാലം സൗകര്യങ്ങളുടെ രൂപകൽപന, നിർമാണം, ധനകാര്യം, പ്രവര്‍ത്തനം, പരിപാലനം എന്നീ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം െഡവലപ്പര്ക്കായിരിക്കും. സൈറ്റിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ (റോഡുകൾ, ഡ്രെയിനേജ്, വെള്ളം, വൈദ്യുതി) നല്‍കുന്നത് സര്‍ക്കാര്‍ പിന്തുണയില്‍ ഉള്‍പ്പെടും.
പുതിയതും നിയന്ത്രിതവുമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ അനധികൃത ട്രക്ക്, ഹെവി ഉപകരണങ്ങളുടെ പാര്‍ക്കിങ് സംബന്ധിച്ച കേസുകള്‍ കുറയും. പദ്ധതിയുടെ വ്യാപ്തിപ്രകാരം അബുനഖ്ലയില് ട്രക്ക് ഹെവി ഉപകരണ പാര്‍ക്കിങ് സമുച്ചയം നിര്‍മിക്കും. ഇവയുടെ പാര്‍ക്കിങ്ങിനായി ഏകദേശം 4000 പാര്‍ക്കിങ് ബേകള്‍ സജ്ജമാക്കും. അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നെ പിന്തുണക്കുന്ന ഉചിതമായ പാര്‍ക്കിങ് സാങ്കേതികവിദ്യകള്‍ ഈ സൗകര്യങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് അശ്ഗാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാർക്കിങ് കേന്ദ്രവുമായി ബന്ധപ്പെട്ട് അധിക വരുമാനമുണ്ടാക്കലിനായി ഇവിടെ അധിക വാണിജ്യ, സേവന സൗകര്യങ്ങള്‍ വരും. ഇതിനായി െഡവലപ്പറെ അധികാരപ്പെടുത്തും.