ദോഹ: 20192020 പുതിയ ക്രൂയിസ് ടൂറിസം സീസണില്‍ നിരവധി കപ്പലുകൾ എത്തുമെന്ന് ഖത്തര്‍ പോര്‍ട ്ട്സ് മാനേജ്മെൻറ് കമ്പനി(മവാനി ഖത്തര്‍) അറിയിച്ചു. റെക്കോഡ് വിനോദസഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 2.35ലക്ഷം സഞ്ചാരികൾഎത്തും.74 കപ്പലുകളാണ് പുതിയ സീസണിൽ ദോഹ തുറമുഖത്ത് നങ്കൂരമിടുക. ഈ കപ്പലുകളിലായി 2.35 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഏറ്റവും തിരക്കേറിയ സീസണായിരിക്കും. നിരവധി മെഗാ കപ്പലുകളായിരിക്കും ഈ സീസണില്‍ ദോഹ തുറമുഖത്ത് നങ്കൂരമിടുക. ജര്‍മന്‍ ആഡംബര കപ്പലായ മെയിന്‍ ഷിഫ് 5 ആയിരിക്കും ആദ്യമെത്തുക. എം.എസ്.സി ലിറിക, ഐഡ പ്രൈമ, സീബോണ്‍ എന്‍കോര്‍, ക്രിസ്റ്റല്‍ എസ്പ്രിറ്റ്, ജ്യുവല്‍ ഓഫ് ദി സീസ്, കോസ്റ്റ ഡയഡെമ, എം.എസ്.സി ബെല്ലിസ്മ, സീബോണ്‍ ഒവേഷന്‍, അസമാര ക്വസ്റ്റ് എന്നിവയുള്‍പ്പടെ അത്യാധുനിക ആഡംബര കപ്പലുകള്‍ ഇത്തവണ എത്തും. എം.എസ്.സി ബെല്ലിസ്മയും ജ്യുവല്‍ ഓഫ് ദ സീസും ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്.
ക്രൂയിസ് ടൂറിസം മേഖലയുടെ വികസനത്തിന് ദേശീയ ടൂറിസം കൗണ്‍സില്‍ മുന്തിയ പരിഗണനയും പ്രാധാന്യവുമാണ് നല്‍കുന്നത്. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും അഞ്ചുലക്ഷം യാത്രക്കാരെയും 350 മില്യണ്‍ ഖത്തര്‍ റിയാല്‍ വരുമാനവും എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഖത്തര്‍ ശ്രമിക്കുന്നത്. 2018-19 ക്രൂയിസ് സീസണില്‍ മികവുറ്റ നേട്ടമാണ് ദോഹ തുറമുഖം ഉണ്ടാക്കിയത്. ക്രൂയിസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. കഴിഞ്ഞ സീസണില്‍ 1,44,707 യാത്രക്കാരെയാണ് ദോഹ തുറമുഖത്തില്‍ വരവേറ്റത്. ചെറുതും വലുതുമായ 44 ആഡംബര ഷിപ്പുകളും തുറമുഖത്തില്‍ നങ്കൂരമിട്ടു. തൊട്ടുമുന്‍പത്തെ സീസണിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ 120 ശതമാനത്തിലധികമാണ് തുറമുഖം വളര്‍ച്ച കൈവരിച്ചത്. ഏപ്രിൽ വരെയാണ് ഇത്തവണത്തെ ക്രൂയിസ് സീസണ്. സീസണിനെ വരവേല്ക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവയുമായി സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.