ദോഹ: ഖത്തറിന് രണ്ടാമത്തെ മെഡൽ പ്രതീക്ഷയുമായി ഹൈജംപിലെ നിലവിലെ ചാമ്പ്യൻ മുഅ്തസ് ഈസ ബർഷിം വെള്ളിയാഴ്ച അന്തിമ പോരാട്ടത്തിനിറങ്ങും. ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക അത്ലറ്റിക്സിൽ നിലവിലെ ചാമ്പ്യൻപട്ടം നിലനിർത്തുന്നതോടൊപ്പം ക്യൂബയുടെ യാവിയർ സോട്ടോമേയറുടെ ലോക റെക്കോർഡായ 2.45 മീറ്റർ മറികടക്കുക കൂടിയാണ് ബർഷിം ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച രാത്രി 8.15നാണ് ഹൈജംപ് ഫൈനൽ നടക്കുന്നത്. നിലവിലെ സ്വർണം നിലനിർത്താൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് യോഗ്യത പോരാട്ടങ്ങൾക്കുശേഷം ബർഷിം ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഫൈനലിലേക്ക് യോഗ്യത നേടിയതിൽ സന്തോഷമുണ്ട്. ഫൈനലിനായി മികച്ച പരിശീലനത്തിലാണ്.
ഖത്തരി ജനതക്ക് അഭിമാനവും ആവേശവുമുളവാക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുകയെന്നത് കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ്. അത് സ്വന്തം നാട്ടിൽ നടക്കുമ്പോൾ പ്രത്യേകിച്ചും. അബ്ദുറഹ്മാൻ സാംബക്കൊപ്പം ഖത്തറിനായി മെഡൽ നേടാൻ കഴിയുമെന്നും സാംബയുടെ മെഡൽ നേട്ടം സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തരി ജനതക്കും അറബ് ജനതക്കും വലിയ ആവേശമാണുണ്ടാക്കിയതെന്നും ബർഷിം വ്യക്തമാക്കി. 2.29 മീറ്റർ ചാടി ഒന്നാമനായാണ് ബർഷിം ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 2019ലെ ബർഷിമിെൻറ മികച്ച പ്രകടനംകൂടിയാണ് 2.29 മീറ്റർ.