വേതന സംരക്ഷണ സംവിധാനം കമ്പനികൾ പാലിക്കണമെന്ന് കർശന നിർദേശം
text_fieldsശമ്പളം കിട്ടാതിരിക്കല്‍, വൈകി ശമ്പളം കിട്ടല് തുടങ്ങിയ പ്ര ശ്നങ്ങളില്നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്നതാ ണ് ഡബ്ല്യു.പി.എസ്
ദോഹ: വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി. എസ്) കര്‍ശനമായി പാലിക്കണമെന്ന് കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ഖത്തര്‍ ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഡബ്ല്യു.പി.എസ് നിയമം പാലിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കമ്പനികള്‍ ശക്തമായ നടപടികള്‍ക്ക് വിധേയമാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു. വൈകി ശമ്പളം കിട്ടല്, ശമ്പളം കിട്ടാതിരിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ഡബ്ല്യു.പി.എസ്. തൊഴിലാളിക്ക് കൃത്യമായി ശമ്പളം നല്കി എന്ന തിനുള്ള തെളിവായും തെറ്റായ അവകാശവാദങ്ങളിലൂടെ തട്ടിപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളില്‍നിന്ന് സംരക്ഷണം ലഭിക്കാന്‍ ഉടമക്കും ഡബ്ല്യു.പി.എസ് സഹായകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് തൊഴിലാളികളുടെ ശമ്പള വിതരണം മന്ത്രാലയം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടുമാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്കാതിരുന്നാല് ശമ്പള പട്ടികയിലെ ഒരോ തൊഴിലാളിക്കനുസരിച്ച് 3000 ഖത്തര്‍ റിയാല്‍ പിഴ അടക്കേണ്ടിവരുമെന്നും ഫഹദ് പറഞ്ഞു. നൈജീരിയന്‍സ് ഖത്തര്‍ ഡിയസ്പോറ ഓര്ഗനൈസേഷന് വാര്‍ഷിക ജനറല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹമെന്ന് ‘ഖത്തര്ട്രിബ്യൂണ്’ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികളുടെ മാസാന്ത്യ ശമ്പളം കാലതാമസം കൂടാതെ നല്കാന് എല്ലാ കമ്പനികളും വ്യാപാര സ്ഥാപന നടത്തിപ്പുകാരും ശ്രദ്ധിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മന്ത്രാലയത്തില്‍ പരാതി നല്കാന് തൊഴിലാളികളും തയാറാവണം. വേതന സംരക്ഷണ സംവിധാനം എന്നത് ഖത്തര്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഡബ്ല്യു.പി.എസ് ഇല്ലാതെ രാജ്യത്ത് ഒരുകമ്പനിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഏതെങ്കിലും കമ്പനികള്‍ അങ്ങനെ പ്രവര്‍ത്തിക്കുകയോ, നിയമം ലംഘിക്കുകയോ ചെയ്താല്‍ കടുത്ത പിഴയായിരിക്കും ചുമത്തുന്നത്.
വേതന സംരക്ഷണ സംവിധാനം എന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഒരുപോലെ ഉപകാരപ്രദം എന്ന നിലയിലാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് മന്ത്രാലയത്തിലെ നിയമ വകുപ്പ് ഉദ്യോഗസ്ഥന് യൂസുഫ് അലി അല്അബ്ദൂന് ചടങ്ങില്‍ വിശദീകരിച്ചു. ഏതെങ്കിലും തൊഴിലാളിക്ക്് താന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി തോന്നുകയാണെങ്കില്‍ മന്ത്രാലയത്തെ നേരിട്ട് സമീപിക്കാവുന്നതാണ്. തര്‍ക്കത്തില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിലല്ല, തര്‍ക്കത്തിെൻറ മർമം നോക്കി പരിഹാരത്തിനാണ് മന്ത്രാലയം പ്രാമുഖ്യം നല്‍കുകയെന്നും അദ്ദേഹം വിശദീകരിച്ചു. തൊഴിലുടമക്കെതിരെ ന്യായമായ പരാതി നല്‍കുന്നതിന് പിന്നീടുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും തൊഴിലാളിയെ സംരക്ഷിക്കാനുള്ള സംവിധാനം മന്ത്രാലയത്തിെൻറ ഭാഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
