ദോഹ: വേനലവധി തിരക്കുകൾ കണക്കിലെടുത്ത് ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് ഇൻഡിഗോയുടെ ഒരു വിമാനം കൂടി സർവീസ് ന ടത്തും. ദോഹ–മുംബൈ സെക്ടറിലാണ് ഇൻഡിഗോ ദിവസേന ഒരു സർവീസ് നടത്തുക. ജെറ്റ് എയർവേയ്സ് ഖത്തറിലേക്കടക്കമുള്ള സർ വീസുകൾ നിർത്തിവെച്ചതും ഇൻഡിഗോ പുതിയ സർവീസ് ആരംഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ജൂലൈ 5 മുതലാണ് പുതിയ സർവീസ് ആരംഭിക്കുക. ദോഹയിൽ നിന്നും 6E1708 നമ്പർ വിമാനം പുലർച്ചെ 4.40ന് പുറപ്പെടുകയും രാവിലെ 10.30ന് മുംബൈയിൽ ലാൻഡ് ചെയ്യുകയും ചെയ്യും.
അതേസമയം, 6E 1718 നമ്പർ വിമാനം ദോഹയിൽ നിന്നും രാത്രി 9ന് പുറപ്പെടുകയും മുംബൈയിൽ പുലർച്ചെ 3.10ന് എത്തുകയും ചെയ്യും. ഈ വിമാനങ്ങൾ യഥാക്രമം രാവിലെ 11.55ന് പുറപ്പെട്ട് ഉച്ചക്ക് 1.15നും വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി എട്ടിനും ദോഹയിലെത്തുകയും ചെയ്യും. പുതിയ സർവീസിനുള്ള ബുക്കിംഗ് ഇൻഡിഗോ വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 26 വരെയാണ് ബുക്കിംഗ് ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു.
അതിന് ശേഷം സർവീസ് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.കണ്ണൂർ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ നാല് നഗരങ്ങളിലേക്കാണ് നിലവിൽ ഇൻഡിഗോ ദോഹയിൽ നിന്നും സർവീസ് നടത്തുന്നത്. വേനലവധി കണക്കിലെടുത്ത് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്താൻ ഖത്തർ എയർവേയ്സ് കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഏവിയേഷൻ അതോറിറ്റിയോട് അപേക്ഷിച്ചിരുന്നു.