ദോഹ: രാജ്യത്തെ ഡ്രൈവിങ് സ്കൂളുകളില്‍ ഡ്രൈവിങ് പഠനത്തിന് കൂടുതൽ വിദ്യാർഥികൾ എത്തുന്നു. ഡ്രൈവിങ് ക്ലാസുകള്‍ക്കായി ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യുന്നത് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ്. ഈദുല്‍ ഫിത്വ്റിനുശേഷം വേനല്‍ അവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നതാണ് വിദ്യാര്‍ഥികളുടെ തിരക്ക് വര്‍ധിക്കാന്‍ കാരണം. വിദ്യാർഥികൾ അല്ലാത്ത മറ്റുള്ളവരും വലിയതോതില്‍ ഡ്രൈവിങ് പഠിക്കാനായി എത്തുന്നുണ്ടെന്ന് സ്കൂൾ അധികൃതർപറയുന്നു.
ഈദിനുശേഷം തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നിരവധിപേര്‍ മൂന്‍കൂറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ക്ലാസുകള്‍ ഈദിനുശേഷമായിരിക്കും തുടങ്ങുകയെന്ന് ഗള്‍ഫ് ഡ്രൈവിങ് സ്കൂള്‍ എക്സിക്യുട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ സെയ്ന് ഇബ്രാഹിം ‘ദി പെനിന്‍സുല’ പത്രത്തോട് പ്രതികരിച്ചു. റമദാനില്‍പോലും ഡ്രൈവിങ് ലൈസന്‍സിന് ആവശ്യക്കാരേറെയുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിെൻറ കര്‍ശനനിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് റോഡ് ടെസ്റ്റിലെ വിജയനിരക്ക് കുറയാന്‍ കാരണം. മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്കു മാത്രം പെര്‍മിറ്റ് അനുവദിച്ചാല്‍ മതിയെന്നാണ് കര്‍ശന നിര്‍ദേശം.
തിയറി പരീക്ഷ, പാര്‍ക്കിങ് പരീക്ഷ എന്നിവയേക്കാള്‍ ഏറ്റവുമധികം പേര് പരാജയപ്പെടുന്നത് റോഡ് ടെസ്റ്റിലാണ്. ശരിയായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്. പിഴവുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. ഗതാഗത അപകടങ്ങള്‍ മൂലമുള്ള മരണങ്ങളും പരിക്കേല്ക്കലും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഡ്രൈവിങ് സ്കൂളുകളില്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ച് നിരവധി വികസനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും സുപ്രധാനമാണ് ഏകീകൃത ഡ്രൈവിങ് കരിക്കുലം. 18ലധികം ഭാഷകളിലായി ഇവ ലഭ്യമാക്കിയിട്ടുണ്ട്. മലയാളവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.