ദോഹ: രണ്ടു തരം ഫ്രഞ്ച് ചീസ് ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. സെയ്ൻറ് മാര്‍സെലിന്‍, സെയ്ൻറ് ഫെലിസിയന്‍ എന്നീ ട്രേഡ്മാര്ക്കുകളില് വിപണിയിലെത്തുന്ന വൈറ്റ് ചീസ് ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം ഇവയിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇവ വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യമന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലാണ് മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചത്. മാര്‍ച്ച് എട്ടിനും പതിനാറിനുമിടയിലുള്ള എല്‍032 മുതല്‍ എല്‍116 വരെ ബാച്ച് നമ്പറുകളിലുള്ള ചീസുകളിലാണ് ബാക്ടീരിയയുടെ സാധ്യത സംശയിക്കപ്പെടുന്നത്. ഫ്രഞ്ച് ചീസ് സംബന്ധിച്ച് രാജ്യാന്തര വിജ്ഞാപനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്താവിന് എതുതരത്തിലുള്ള അപകടസാധ്യതയും ഇല്ലാതാക്കുന്നതിനും കുറക്കുന്നതിനുമുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിരവധി കുട്ടികളില്‍ ബാക്ടീരിയ ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്രഞ്ച് അധികൃതര്‍ രണ്ടു തരം ചീസുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.