ദോഹ: രണ്ട് ഇന്ത്യന്‍ കൊമേഡിയന്മാര് രണ്ട് പരിപാടികളിലായി ദോഹയിലെത്തുന്നു. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെൻററിലും അല്‍ ദാന ക്ലബ്ബിലുമാണ് രണ്ട് പരിപാടികളും നടക്കുക. ജോണി ലിവര്‍, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ഖത്തറിലെ ഇന്ത്യക്കാരെ തമാശയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തുന്നത്. ഹിന്ദി സിനിമാ ആരാധകരുടെ ഏറെ ഇഷ്ടപ്പെട്ട തമാശക്കാരനാണ് ജോണി ലിവര്‍. 1980കളിലും 90കളിലും ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ജോണി ലിവറിനോടൊപ്പം അദ്ദേഹത്തിെൻറ മകളും കോമഡി താരവുമായ ജാമി ലിവറും അവതാരകനും കോമേഡിയനുമായ ഗൗരവ് ശര്‍മയും വേദിയിലെത്തും.
ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെൻററില്‍ 28നാണ് പരിപാടി. വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന പരിപാടി കാണാന്‍ ആറു മണിക്ക് ഗേറ്റുകള്‍ തുറക്കും. ടിക്കറ്റുകള്‍ക്ക് 75 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് നിരക്ക്. വനാസ ടൈമിലും അയ്ന ടിക്കറ്റ്സിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
അഭിനേതാവും കൊമേഡിയനുമായ സുനില്‍ ഗ്രോവര്‍ ഏപ്രില്‍ 26ന് വൈകിട്ട് ആറ് മണിക്കാണ് അല്‍ ദാന ക്ലബ്ബില്‍ തമാശയുമായി എത്തിച്ചേരുക. കപില്‍ ശര്‍മ ഷോയില്‍ ഡോ. മശൂര്‍ ഗുലാതിയുടെ വേഷത്തിലാണ് ഗ്രോവര്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായത്. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കുന്നവര്‍ക്ക് നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനാസ ടൈമില്‍ 50 മുതല്‍ 200 റിയാല്‍ വരെയുള്ള ടിക്കറ്റുകള്‍ ലഭിക്കും.