ദോഹ: ഉത്തര്‍പ്രദേശിലെ പ്രളയ ബാധിതര്‍ക്ക് ജനങ്ങളുടെ സഹായത്തോടെ ഖത്തര്‍ ചാരിറ്റി ആവ ശ്യമായ സഹായങ്ങള്‍ എത്തിച്ചു. പ്രളയത്തില്‍ വീടുകള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട 300 കുടുംബങ്ങള്‍ക്കാണ് സഹായമെത്തിയത്. ഏറ്റവും ആവശ്യമുള്ള 300 കുടുംബങ്ങള്‍ക്ക് ഗൈഡന്‍സ് എജുക്കേഷണല്‍ ആൻറ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹായത്തോടെ ഖത്തര്‍ ചാരിറ്റി ഭക്ഷണക്കൊട്ടകള് നല്കി. അഞ്ച് അംഗങ്ങള്‍ അടങ്ങിയ കുടുംബത്തിന് ഒരു മാസം ജീവിക്കാനുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. മനുഷ്യത്വപരമായ സഹായങ്ങളിലൂടെ തങ്ങളെ സഹായിച്ച ഖത്തര്‍ ചാരിറ്റിയോടും ഖത്തറിനോടുമുള്ള നന്ദി ഗൈഡന്‍സ് എജുക്കേഷണല്‍ ആൻറ് വെല്‍ഫെയര്‍ സൊസൈറ്റി സി ഇ ഒ അബ്ദുല്‍ മജീദ് നദാവി പ്രകടിപ്പിച്ചു.
ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും ദാരിദ്ര്യരേഖക്ക് താഴെയുള്ള നിരവധി പേര്‍ക്ക് ഖത്തര്‍ ചാരിറ്റിയിലൂടെ സഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്നത് പതിവാണ്. നൂറുകണക്കിന് പേരുടെ മരണത്തിനും നാട് വിടലിനും കാണാതാകലിനും കാരണമാകുന്ന സംഭവങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും വീടുകളും കൃഷിയിടങ്ങളും നശിച്ചു പോവും. ഭക്ഷണത്തിന് പുറമേ വസ്ത്രങ്ങള്‍, കിടക്കകള്‍, പുതപ്പ്, സ്കൂള്‍ ബാഗ് തുടങ്ങിയവയാണ് ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഒരു മില്യന്‍ റിയാല്‍ ചെലവില്‍ നിര്‍വിച്ച ഹൗസിംഗ് യൂണിറ്റുകളും ഖത്തര്‍ ചാരിറ്റി കൈമാറി.