ദോഹ: നിക്ഷേപത്തിനും വ്യവസായത്തിനുമായി പ്രത്യേക കോടതി വരുന്നു. വ്യാപാരവും നിക്ഷേപവും ഉയര്‍ത്തുന്നതില്‍ സാമ്പത്തിക കോടതികളുടെ പങ്കിനെ കുറിച്ച് ഖത്തര്‍ ചേംബര്‍ ആസ്ഥാനത ്ത് ഖത്തര്‍ ഇൻറര്‍നാഷണല്‍ സെൻറര്‍ ഫോര്‍ കണ്‍സിലിയേഷന്‍ ആൻറ് ആര്ബിട്രേഷന് നടത്തിയ സെമിനാറിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത്. ഖത്തര്‍ എല്ലാ മേഖലയിലും സാമ്പത്തികമായി മുന്നേറുന്നതിന് സാക്ഷ്യം വഹിക്കുന്നതിനാല്‍ വ്യാവസായിക തര്‍ക്കങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ബദല്‍ മാര്ഗ്ഗങ്ങളുണ്ടാവുന്നത് നന്നായിരിക്കുമെന്ന് ആര്ബിട്രേഷന് ഇൻറര്‍നാഷനല്‍ റിലേഷന്‍സ് ബോര്‍ഡ് അംഗം ശൈഖ് ഡോ. ഥാനി ബിന്‍ അലി ആൽഥാനി ചൂണ്ടിക്കാട്ടി. നിക്ഷേപത്തിനും വ്യവസായത്തിനുമായി ഖത്തര്‍ പ്രത്യേക കോടതി സ്ഥാപിക്കാനുള്ള നടപടികളിലാണ്. എളുപ്പത്തില്‍ നിക്ഷേപം നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും അതുവഴി എല്ലാവര്ക്കും തുല്യമായ അവകാശങ്ങള്‍ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിക്ഷേപം, വ്യാപാരം, സാമ്പത്തികവും കച്ചവടവും തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാനുള്ള കോടതികളെയാണ് സാമ്പത്തിക കോടതികളെന്ന് പരിചയപ്പെടുത്തുന്നതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. വ്യാവസായിക തര്‍ക്കങ്ങള്‍ പ്രത്യേകമായി പരിഗണിക്കുന്നതിലൂടെ വേഗത്തിലും കൃത്യവുമായ പരിഹാരങ്ങള്‍ സാധ്യമാകുമെന്ന് അറബ് യൂണിയന് ഓഫ് ഇൻറര്‍നാഷനല്‍ ആര്ബിട്രേഷന് സെക്രട്ടറി ജനറല്‍ ഡോ. ബുർഹാന്‍ അംറല്ല പറഞ്ഞു.
പ്രത്യേക സാമ്പത്തിക കോടതി സ്ഥാപിക്കാനുള്ള നീക്കം നിക്ഷേപ, വാണിജ്യ രംഗത്ത് പ്രധാനപ്പെട്ട ചുവടുവെപ്പായിരിക്കുമെന്ന് ഖത്തര്‍ ആര്ബിട്രേഷന് സെൻറർ ജനറല്‍ കൗണ്‍സല്‍ ഡോ. മിനാസ് ഖച്ചാദുരിയന് അഭിപ്രായപ്പെട്ടു. മാത്രമല്ല, നിക്ഷേപ അന്തരീക്ഷത്തിന് ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക കോടതി സ്ഥാപിക്കാനുള്ള നീക്കത്തിലൂടെ ദേശീയ സാമ്പത്തിക താത്പര്യങ്ങളെ സംരക്ഷിക്കുകയും അതുവഴി ബിസിനസ്, നിക്ഷേപ ഭൂപടത്തില്‍ ഖത്തറിെൻറ സ്ഥാനം കൂടുതല്‍ മികച്ചതായി അടയാളപ്പെടുത്തപ്പെടുകയും ചെയ്യും.