ദോഹ: ഖത്തർ–ഇന്ത്യ സാംസ്കാരിക വർഷം 2019നോടനുബന്ധിച്ച് വിഷ്വൽ ആർട്സ് ഫോറം ഇന്ത്യ (വാഫി) യിലെ പ്രവാസി കലാകാരന്മാരുടെ ചിത്രങ്ങൾ ഇന്ത്യൻ എംബസിക്ക് സമ്മാനിച്ചു. ഇന്ത്യയിലെ ചരിത്ര സ്മാര കങ്ങളാണ് കലാകാരന്മാർ കാൻവാസിൽ പകർത്തിയിരിക്കുന്നത്. വാഫിയിൽ അംഗങ്ങളായ 25 കലാകാരാന്മാ രാണ് ‘ഹിസ്റ്റോറിക്കൽ മൊണുമെൻറ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിൽ ഛായാച്ചിത്രങ്ങൾക്ക് രൂപം നൽകിയത്. ഖത്തർ–ഇന്ത്യ സാംസ്കാരിക വർഷം 2019മായി ബന്ധപ്പെട്ട പരിപാടികളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്മാരകങ്ങളാണ് ഇതിലുൾപ്പെടുന്നത്. യുനെസ്കോയുടെ പൈതൃകപട്ടികയിലിടം നേടിയ സ്മാരകങ്ങളും ഉണ്ട്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദഫ്ന ഹാൾ, ദോഹ ഷെറാട്ടൻ എന്നിവിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. സാംസ്കാരിക വർഷത്തോടനുബന്ധിച്ച് കതാറയിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഒപേറ ഹാളിൽ ഫെബ്രുവരി അഞ്ചിന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. വാഫി (വിഷ്വൽ ആർട്ട്സ് ഫോറം ഇന്ത്യ) ഇന്ത്യൻ കൾച്ചറൽ സെൻററിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്.