ദോഹ: നേടിയതിനേക്കാൾ കൂടുതലൊന്നും നഷ്ടപ്പെടാനില്ല. സ്വദേശികളും വിദേശികളുമുൾപ്പെടുന്ന ഒരു ജനതയുടെ ആശകളും ആവേശവും കാലിൽ ആവാഹിച്ച് ഖത്തറിെൻറ വീരൻമാർ ജപ്പാനുമായി പെരുങ്കളിയാട്ടത്തിനിറങ്ങുകയാണ്. ഇന്ന് അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകിട്ട് അഞ്ചിന് ഏഷ്യൻ കപ്പിെൻറ ഫൈനലിന് പന്തുരുളും. വലിയ ചരിത്രത്തിലേക്ക് ഇനി 90 മിനുട്ട് ദൂരം മാത്രം. നാല് വട്ടം ചാമ്പ്യന്മാരായ സാമുറായീസ് എന്ന വിളിപ്പേരിലറിയപ്പെടുന്ന ജപ്പാനും ഏഷ്യൻ കപ്പിലാദ്യമായി ഒരു ഗോൾ പോലും വഴങ്ങാതെ കലാശപ്പോരാട്ടത്തിനെത്തിയ ഖത്തറും പോരിനിറങ്ങുമ്പോൾ ഫലം പ്രവചനാതീതം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഫെലിക്സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ഖത്തർ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത് എന്നത് തന്നെ ഇതിന് തെളിവ്.
റോഡ് ടു ഫൈനൽ
ഗ്രൂപ്പ് ഘട്ടത്തിൽ ലബനാനെതിരെയും (2–0) ഉത്തരകൊറിയക്കെതിരെയും (6–0) സൗദിയെയും (2–0) ആധികാരികമായി തകർത്താണ് ഖത്തർ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. രണ്ടാം റൗണ്ടിലും പ്രീ ക്വാർട്ടറിലുമായി യഥാക്രമം വമ്പന്മാരായ ഇറാഖിനെയും ദക്ഷിണ കൊറിയയെയും കീഴടക്കി ഖത്തർ സെമിഫൈനലിലേക്ക് യോഗ്യത നേടി. അവിടെ ആതിഥേയരും ഖത്തറിനേക്കാൾ റാങ്കിംഗിൽ മുന്നിലുള്ളവരുമായ യു എ ഇ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യുഎഇ ഖത്തറിന് മുന്നിൽ അടിയറവ് പറഞ്ഞത്. തുർക്കുമെനിസ്ഥാനെയും ഒമാനെയും ഉസ്ബെക്കിനെയും കീഴടക്കി മൂന്നിൽ മൂന്നും ജയിച്ചാണ് ജപ്പാൻ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലുമായി സൗദിയെയും വിയറ്റ്നാമിനെയും തകർത്ത് സെമിയിലെത്തിയ സാമുറായീസ്, കിരീട സാധ്യത ഏറെ കൽപ്പിക്കപ്പെട്ടിരുന്ന പേർഷ്യക്കാരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് കലാശപ്പോരിന് അർഹത നേടിയത്.
അൽ മുഅസ് അലിയും ഒസാകയും നേർക്കുനേർ
ഖത്തറിെൻറ ഗോളടിയന്ത്രം അൽ മുഅസ് അലിയും ജപ്പാെൻറ സൂപ്പർതാരം യുവാ ഒസാകയും നേർക്കുനേർ വരുന്നുവെന്നതാണ് ഫൈനലിെൻറ മറ്റൊരു സവിശേഷത.ആറ് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുമായി മുഅസ് അലിയാണ് മുന്നിലെങ്കിലും സെമിയിൽ ഇറാനെതിരെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് ഒസാകയെ ശ്രദ്ധേയനാക്കിയത്. ടൂർണമെൻറിലിതുവരെയായി നാല് ഗോളാണ് ഒസാക്ക നേടിയത്.
കളിക്കാരനായും കോച്ചായും കിരീടത്തിലേക്ക് മോറിയാസു
1992ൽ ജപ്പാൻ ആദ്യ ഏഷ്യൻ കപ്പ് കിരീടം ഷോക്കേസിലെത്തിച്ചപ്പോൾ ടീമിലുണ്ടായിരുന്ന ഹാജിമെ മോറിയാസുവാണ് ജപ്പാനെ 2019ൽ പരിശീലിപ്പിക്കുന്നത്. ജപ്പാൻ കിരീടനേട്ടത്തിലെത്തിയാൽ ഈ അപൂർവ നേട്ടമാണ് മോറിയാസുവിനെ കാത്തിരിക്കുന്നത്. ഏഷ്യൻ കിരീടം നേടുന്ന ആദ്യ ജപ്പാൻകാരനായ കോച്ചെന്ന പദവിയാണ് മോറിയാസുവിനെ കാത്തിരിക്കുന്നത്.