ആഗോള അഴിമതി അവബോധ സൂചികയിൽ ഖത്തർ രണ്ടാമത്
text_fieldsദോഹ: ആഗോള അഴിമതി അവബോധ സൂചികയിൽ അറബ് മേഖലയിൽ ഖത്തർ രണ്ടാം സ്ഥാനത്ത്. അഴിമതി കുറക്കുന്നതിലെ ലോകരാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ് സൂചിക. ട്രാൻസ്പാരൻസി ഇൻറർനാഷനൽ തയാറാക്കിയ സൂചികയിൽ ഒമാന് അറബ് മേഖലയിൽ മൂന്നാംസ്ഥാനമുണ്ട്. യു.എ.ഇ ആദ്യസ്ഥാനത്തുണ്ട്. യു.എ.ഇയും ഖത്തറുമാണ് അറബ് മേഖലയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. 180 രാജ്യങ്ങളുടെ പട്ടിക 2018ലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്.
അഴിമതിയുടെ തോത് കണക്കിലെടുത്താണ് ഒാരോ രാജ്യങ്ങൾക്കും റാങ്കിങ് നൽകുന്നത്. കുറഞ്ഞതോതിൽ അഴിമതിയുള്ള രാഷ്ട്രങ്ങൾക്ക് കൂടുതൽ സ്കോർ ലഭിക്കും. അഴിമതി ഒട്ടുമില്ലാത്ത രാജ്യത്തിന് നൂറും അഴിമതി ഏറ്റവുമധികമുള്ള രാജ്യത്തിന് പൂജ്യം സ്കോറുമാണ് നൽകുക. 100ൽ 52 മാർക്കാണ് ഒമാന് ഇൗ വർഷം ലഭിച്ചത്. കഴിഞ്ഞവർഷം 44ഉം അതിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ 45 വീതവുമായിരുന്നു സ്കോർ. റാങ്കിങ് മെച്ചപ്പെടുത്താൻ സർക്കാർ കൈകൊണ്ട നടപടികളുടെ ഫലമാണ് ഇൗ നേട്ടമെന്ന് അധികൃതർ അറിയിച്ചു. ഡെൻമാർക്കാണ് സൂചികയിൽ ഒന്നാമത്.
നൂറിൽ 88 മാർക്കാണ് ഡെൻമാർക്കിന് ഉള്ളത്. ന്യൂസിലൻഡ്, ഫിൻലൻറ്, സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. സൊമാലിയ, തെക്കൻ സുഡാൻ, സിറിയ എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 78ാം സ്ഥാനത്താണുള്ളത്. നൂറിൽ 41 മാർക്കാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 40 ആയിരുന്നു സ്കോർ. പടിഞ്ഞാറൻ യുറോപ്പും യൂറോപ്യൻ യൂനിയനുമാണ് ഇൗ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങൾ. 66 ആണ് ഇൗ മേഖലയിലെ രാജ്യങ്ങളുടെ ശരാശരി സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
