അഞ്ചുവർഷം, 45 ബില്യണ്‍ റിയാൽ പദ്ധതികളുമായി അശ്ഗാൽ
text_fieldsദോഹ: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 45 ബില്യണ്‍ റിയാലിെൻറ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി(അശ്ഗാല്‍). ഹൈവേകള്‍, റോഡുകള്‍, ഡ്രെയിനേജുകള്‍ എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടും. ഏറ്റെടുത്ത പദ്ധതികളാകെട്ട വൻവേഗത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യമിട്ട 550 കിലോമീറ്റര്‍ ഹൈവേയില്‍ 400 കിലോമീറ്ററും പൂര്‍ത്തീകരിച്ചു. 130 പ്രധാന ഇൻറര്സെക്ഷനുകളില് 85 എണ്ണവും പൂര്‍ത്തീകരിച്ചു. 100 പാലങ്ങളും ടണലുകളും നടപ്പാക്കി. ലക്ഷ്യമിട്ട 600 കിലോമീറ്റര്‍ കാല്‍നടപ്പാലങ്ങളില്‍ 245 കിലോമീറ്ററും പൂര്‍ത്തീകരിച്ചു. അത്രതന്നെ സൈക്കിള്പാതകളും നിര്‍മിച്ചു. അവശേഷിക്കുന്ന ഹൈവേ പദ്ധതികള്‍ക്കായി 18 ബില്യണ്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. ഇവ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദോഹയിലും മറ്റു മേഖലകളിലും നിരവധി പ്രാദേശിക പദ്ധതികളും നടപ്പാക്കി.
6700കിലോമീറ്റര്‍ റോഡ്, 3400കിലോമീറ്റര്‍ സ്വിവറേജ് നെറ്റ്വര്‍ക്ക് പൂര്‍ത്തിയാക്കി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി ഏഴു ബില്യണ്‍ ഖത്തര്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. പ്രാദേശിക റോഡുകള്‍ക്കായി 20 മുതല്‍ 25 ബില്യണ്‍ റിയാല്‍ വരെ ചെലവഴിക്കും. ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കായി ഏകദേശം പത്തു ബില്യണ്‍ റിയാല്‍ ചെലവഴിക്കും. അടുത്ത മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 40 മുതല്‍ 45 ബില്യണ്റിയാലിെൻറ ടെണ്ടറുകള്‍ അനുവദിക്കും. അശ്ഗാല്‍ ടെക്നിക്കല്‍ ഓഫീസ് മാനേജര്‍ അഹമ്മദ് അലി അല്‍അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. നാലാമത് മുശ്തറയാത് സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശ്ഗാലിെൻറ പദ്ധതികളില്‍ എല്ലാ കമ്പനികള്‍ക്കും അവസരങ്ങള്‍ ലഭിക്കും. ഖത്തര്‍ ഡെവലപ്മെൻറ് ബാങ്കു(ക്യുഡിബി)മായി സഹകരിച്ച് സ്വകാര്യമേഖലയെ പിന്തുണക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. 101 ദേശീയ വ്യവസായ കമ്പനികളുടെ നവീകരണം സാധ്യമായിട്ടുണ്ട്. അശ്ഗാല്‍ പദ്ധതികളിലെ ഉത്്പന്നങ്ങളുടെ പ്രധാന വിതരണക്കാര്‍ പ്രാദേശിക നിക്ഷേപത്തോടെയുള്ള ദേശീയ കമ്പനികളാണ്. 132 ഉത്പന്നങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ അശ്ഗാലും അംഗീകൃത കമ്പനികളും തമ്മിലുള്ള കരാറുകളുടെ മൂല്യം 1.8 ബില്യണ്‍ റിയാലിലധികമായിട്ടുണ്ട്. പ്രാദേശിക വ്യവസായ കമ്പനികളെയും കരാറുകാരെയും മാത്രമല്ല പ്രാദേശിക കണ്‍സള്‍ട്ടിങ് കമ്പനികളെയും എല്ലാത്തരം സേവനദാതാക്കളെയും പിന്തുണക്കുകയാണ് ചെയ്യുന്നത്.മുശ്തറയാതില് അശ്ഗാല്‍ ഭാവി പദ്ധതികള്‍ അവതരിപ്പിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സുപ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അശ്ഗാലിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
