ദോഹ: സ്വദേശികളെയും വിദേശികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള തട്ടിപ്പ് ഫോൺ കോളുകളിൽ വഞ്ചിതരാകരുതെന്ന് ഉരീദു മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഫോൺവിളിക്കുന്നവർക്ക് സ്വകാര്യ വിവരങ്ങൾ ഒരു കാരണവശാലും നൽകരുത്. ഉരീദുവിേൻറതാണെന്ന നിലക്കുള്ള വ്യാജ കോളുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾക്ക് ഉരീദു മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഒരിക്കും തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഉരീദു കമ്പനി ഉപയോഗിക്കാറില്ല. ഇക്കാര്യത്തിൽ നല്ല ശ്രദ്ധ വേണമെന്നും ഉരീദു നിർദേശിച്ചു.
സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ കോളുകൾ ഒഴിവാക്കണം. ആളുകളെ കെണിയിലകപ്പെടുത്തുന്ന ചതിക്കുഴിയാണിതെന്നും ഉരീദു അറിയിച്ചു. വിപണിയിൽ മുൻനിരയിലുള്ള ഒരു ടെലികോം കമ്പനിയും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുൾപ്പെടെയുള്ളവ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. പണമിടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങൾക്ക് കമ്പനി ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും ഉരീദു വ്യക്തമാക്കി. മൊബൈൽ ഫോൺ വഴിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഇത്തരം ഫോൺ കോളുകൾ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാതെ ഒഴിവാക്കണമെന്നും ഉരീദു ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.