ദോഹ: ഒരാഴ്ചക്കാലം ചലച്ചിത്രവസന്തം തീർത്ത ആറാമത് അജ് യാൽ ചലച്ചിത്രമേളക്ക് കതാറയിൽ തിരശ്ശീല വീണു. ബദർ, ഹിലാൽ, മുഹഖ് വിഭാഗങ്ങളിലായി യഥാക്രമം കഫർനഉം (ലബനാൻ/2018/നാദിൻ ലബാകി), വാട്ട് വാലാ വാണ്ട്സ്(കാനഡ,ഡെൻമാർക്ക്/2018/ക്രിസ്റ്റി ഗർലൻഡ്), സൂ(അയർലൻഡ്,ബ്രിട്ടൻ/2017/കോളിൻ മക്ലോർ) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കി. ട്രാൻസ്ഫോർമേഷൻ, കില്ലിംഗ് ഹോപ്, ഗുബ്ഗുബ് എന്നിവയാണ് മികച്ച ഹ്രസ്വ ചിത്രങ്ങൾ. 18 മുതൽ21 വയസ്സ് വരെയുള്ള ജൂറികളാണ് ബദർ വിഭാഗത്തിലുള്ളത്. 13–17 വയസ്സുള്ളവർ ഹിലാലിലും 8–12 വയസ്സുവരെയുള്ള ജൂറികൾ മുഹഖ് വിഭാഗത്തിലും ഉൾപ്പെടുന്നു.
സമാപന ചടങ്ങിൽ നോബൽ സമ്മാനജേതാവ് കൈലാശ് സത്യാർഥി പങ്കെടുത്തു. ദി ൈപ്രസ് ഓഫ് ഫ്രീ എന്ന ഡോക്യുമെൻററിയുടെ പ്രദർശനത്തിനെത്തിയതായിരുന്നു സത്യാർഥി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഡോക്യൂമെൻററിയാണ് ദി ൈപ്രസ് ഓഫ് ഫ്രീ. നാൽപതിലധികം രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ഡോക്യുമെൻററിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അജ് യാൽ ചലച്ചിത്രമേളയിൽ മൂന്ന് പ്രദർശനങ്ങൾ കളിച്ചപ്പോൾ മികച്ച കൈയടിയാണ് ചിത്രത്തിന് ലഭിച്ചത്. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കകം 25 ലക്ഷം പേരാണ് ചിത്രം കണ്ടത്. സമാപന ചടങ്ങിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ഫത്മ അൽ റുമൈഹി പങ്കെടുത്തു.