ദോഹ: ലീഗോ ബ്രിക്സ് (പ്ലാസ്റ്റിക് കഷ്ണങ്ങൾ ചേർത്ത് വച്ച് ഉണ്ടാക്കുന്ന കളിപ്പാട്ടം) ഉപയോഗിച്ച് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം ഇന്ന് കാണാം. ഖത്തർ നാഷണൽ ലൈബ്രറിയിലാണ് 2,60,000 ലീഗോ ബ്രിക്സുകൾ കൊണ്ട് തീർത്ത 33 മീറ്റർ നീളമുള്ള പാലം പ്രദർശിപ്പിക്കുക. പാലം നിർമാതാക്കളായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേർസ്(ഐസ്) ആണ് പിന്നിൽ. ലൈബ്രറിയിലെത്തുന്ന യുവ സന്ദർശകർക്ക് എഞ്ചിനിയറിംഗിലും ഗണിതശാസ്ത്രത്തിലും വാസ്തുശിൽപ വിദ്യയിലും താത്പര്യമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ‘ഖത്തറിലെ ചെറിയ ബിൽഡിങ് നിർമാതാക്കൾ; പാലം നിർമാണ സമൂഹം’ എന്ന പേരിലാണ് പ്രദർശനം. ഖത്തറും ബ്രിട്ടനും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തിെൻറ അടയാളം കൂടിയാണ് പാലം.
അഞ്ചാമത് ഖത്തർ ബ്രിട്ടൻ മേളയോനോടനുബന്ധിച്ചാണ് പ്രദർശനം. ബ്രിട്ടീഷ് കൗൺസിലിെൻറയും ഖത്തറിലെ ബ്രിട്ടീഷ് എംബസിയുടെയും സഹകരണത്തിലാണ് മേള. ഇന്ന് പാലത്തിെൻറ പകുതിയാണ് സന്ദർശകർക്കായി ഒരുങ്ങുന്നത്. ബാക്കി സന്ദർശകരുടെ സഹായത്തിലാണ് നിർമിക്കുന്നത്. ദിവസങ്ങൾ നീളുന്നതാണ് പാലം നിർമാണ പ്രദർശനം. ഒരോ ആളുകൾക്കും തങ്ങളുടേതായ ഇടപെടലുകൾ പാലം നിർമാണത്തിൽ നടത്താം. എഞ്ചിനിയർമാർ ആവശ്യമുള്ള നിർദേശം നൽകും. പാലത്തിെൻറ നിർമാണം എഞ്ചിനിയറിങ്ങിലെ പ്രധാന ചുവടുവെപ്പാണെന്നും സന്ദർശിക്കാനെത്തുന്ന ഒരോരുത്തർക്കും പാലം നിർമാണത്തിനുള്ള അവസരമാണ് തങ്ങൾ നൽകുന്നതെന്നും ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കും ഇതെന്നും ഖത്തർ നാഷണൽ ലൈബ്രറി എക്സിക്യൂട്ടീവ് ഡയരക്ടർ സുഹൈർ വസ്താവി പറഞ്ഞു.