ഖത്തർ–തുർക്കി ഉന്നതാധികാര സമിതി യോഗം ഇന്ന്
text_fieldsദോഹ: ഖത്തർ–തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ നാലാമത് യോഗം തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറയും സംയുക്ത അധ്യക്ഷതയിലാണ് പരമോന്നത സമിതി യോഗം ചേരുന്നത്. യോഗത്തിെൻറ ഭാഗമായി അമീർ ശൈഖ് തമീം തുർക്കി പ്രസിഡൻറ് ഉർദുഗാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ പങ്കാളിത്തം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാ ജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. കൂടാതെ പൊതു പ്രാധാന്യമുള്ള മേഖലാ, അന്തർദേശീയ വിഷയങ്ങളും ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്യുമെന്നും ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിെൻറ ഭാഗമായി വിവിധ മേഖലകളിൽ ഖത്തറും തുർക്കിയും സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.
അമീർ, തുർക്കി പ്രസിഡൻറ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഖത്തർ–തുർക്കി ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായി തയ്യാറെടുപ്പെന്ന നിലയിൽ ഇരുരാജ്യവും ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഉന്നതതല യോഗം കൂടിയിരുന്നു. ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, തുർക്കി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സിദാത് ഒനാൽ എന്നിവരായിരുന്നു ഇരുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറയും നേതൃത്വത്തിലാണ് ഖത്തർ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുകയുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി നാൽപ്പതോളം കരാറുകളും പൊതുധാരണാ പത്രങ്ങളുമാണ് വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യം വെച്ച് ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
